ഇടത് ബന്ധം ഉപേക്ഷിച്ചതിന്റെ പിറ്റേദിവസം പി.വി.അന്‍വറിനെതിരെ പുതിയ കേസെടുത്ത് പൊലീസ്. ഫോണ്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് കലാപത്തിന് ശ്രമിച്ചെന്ന പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി ലഭിച്ച പരാതിയില്‍ ഇരുപത് മിനിറ്റിനുള്ളില്‍ കേസെടുത്തെന്ന് വ്യക്തമാക്കുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ജയിലിലടക്കട്ടേയെന്ന് അന്‍വര്‍ പ്രതികരിച്ചു.
ഫോണ്‍ ചോര്‍ത്തിയെന്ന ഗുരുതര കുറ്റം അന്‍വര്‍ വെളിപ്പെടുത്തിയ ശേഷം 27 ദിവസം അദേഹം സര്‍ക്കാരിനൊപ്പം ഇടത് പാളയത്തിലായിരുന്നു. അതിനിടെ ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ തന്നെ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ കേസെടുത്തിരുന്നില്ല. 27ന് ഉച്ചയ്ക്ക് 2.30ന് അന്‍വറുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചു. അതുവരെ ഇല്ലാതിരുന്ന പരാതി പിറ്റേദിവസം, 28ന് രാത്രി 8.20ന് കറുകച്ചാല്‍ പൊലീസില്‍ ലഭിച്ചു. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ആരോപിച്ച് നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലായിരുന്നു പരാതിക്കാരന്‍. കേട്ടറിവെന്നതോ 28 ദിവസം പഴക്കമുള്ള കാര്യമെന്നതോ പരിഗണിക്കാതിരുന്ന പൊലീസ് പരാതി കിട്ടിയതിന്റെ 19 ാം മിനിറ്റില്‍ കേസെടുത്തു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച ശേഷമുള്ള ആദ്യകേസ്.
ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കലാപശ്രമം എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ കേസിന് സാധ്യതയെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. നിയമലംഘിച്ചുള്ള തടയണയിലടക്കം അന്‍വറിനെ വഴിവിട്ട് സഹായിച്ചിരുന്ന സര്‍ക്കാര്‍ അന്‍വര്‍ ശത്രുപക്ഷത്തായതോടെ കേസെടുത്ത് ഭീഷണിപ്പെടുത്തൂവെന്ന ആരോപണമാണ് ശക്തമാകുന്നത്.