മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഊര്‍ജിത അന്വേഷണം.  സിദ്ദിഖിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം സിദ്ദിഖിന്‍റെ മകനെയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു. സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി സിദ്ദിഖിന്‍റെ മകന്‍ ഷഹീനും രംഗതെത്തി.

Read Also : പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തി; സിദ്ദിഖിന്‍റെ മകന്‍ ഷഹിന്‍

അഞ്ച് ദിവസം നാടെങ്ങും അരിച്ചുപെറുക്കിയിട്ടും സിദ്ദിഖ് എവിടെയെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണത്തിന് ഇതുവരെ ഉത്തരമില്ല. അറസ്റ്റ് വൈകിപ്പിക്കുന്നത് പൊലീസും സിദ്ദിഖും തമ്മിലുള്ള ഒത്തുകളിയെന്ന ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കെയാണ് കണ്ണില്‍പൊടിയിടാനുള്ള അന്വേഷണ സംഘത്തിന്‍റെ തീവ്രശ്രമം. ഇന്നലെ സിദ്ദിഖിനെ തേടി അന്വേഷണസംഘം വീണ്ടും കുട്ടമശേരിയിലെ വീട്ടിലെത്തി. മകന്‍ ഷെഹീനിന്‍റെ വിശദമായ മൊഴിയെടുത്തു. 

ഇതിന് പിന്നാലെയാണ് പുലര്‍ച്ചെയോടെ ഷഹീന്‍റെ സുഹൃത്തുക്കളായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് മാത്യു എന്നിവരെ എസ്ഐടി കൂട്ടികൊണ്ടുപോയത്. ആറ് മണിക്കൂറിലേറെ പിന്നിട്ടിട്ടും ഇരുവരെ കുറിച്ച് ഒരുവിവരവും ലഭിക്കാതെ വന്നതോടെ കുടുംബം കൊച്ചി കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഉപ്പയെവിടെയെന്ന് പറഞ്ഞില്ലെങ്കില്‍ സുഹൃത്തുക്കളെ അറസറ്റ് ചെയ്യുമെന്നായിരുന്നു ഷഹീനിനോടുള്ള ഭീഷണി.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സുഹൃത്തുക്കളെ അന്വേഷണസംഘം വിട്ടയച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നല്ലരീതിയിലാണ് പെരുമാറിയതെന്നും ഇരുവരും വ്യക്തമാക്കി. സിദ്ദിഖിന് ഒളിവില്‍ പോകാനടക്കം സഹായം ചെയ്തതില്‍ ഷഹിന്‍റെ സുഹൃത്തുകള്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. അന്വേഷണസംഘത്തിനെതിരെ സുപ്രീംകോടതിയില്‍ ഉയര്‍ന്നേക്കാവുന്ന വാദങ്ങള്‍ പ്രതിരോധിക്കാനാണ് തിരക്കിട്ട നീക്കങ്ങളെന്നാണ് സൂചന.

ENGLISH SUMMARY:

Siddique’s son says his friends taken into custody, SIT using coercive tactics to uncover actor’s hideout