അധിക ജോലിഭാരത്തെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. വൈക്കം കുലശേഖരമംഗലം സ്വദേശി ശ്യാംകുമാറിനെയാണ് ശനിയാഴ്ച പുലർച്ചെ കാണാതായത്. വൈക്കത്ത് വിദ്യാഭ്യാസവകുപ്പ് ഓഫിസിൽ സീനിയർ സൂപ്രണ്ടായ ശ്യാംകുമാറിന് ഏതാനും മാസമായി എ.ഇ.ഒയുടെ ചുമതല കൂടി നൽകിയിരുന്നെന്നും ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നുമാണ് കുടുംബത്തിന്‍റെ മൊഴി.
ശ്യാംകുമാർ ജോലി ചെയ്യുന്ന വൈക്കം ഓഫിസിലെ എ.ഇ.ഒ മാസങ്ങൾക്ക് മുമ്പ് സ്ഥാനക്കയറ്റം കിട്ടി പോയിരുന്നു. ഇതോടെ ശ്യാംകുമാറിനായി ചുമതല. കഴിഞ്ഞ ദിവസം അമ്മയെ ചികിൽസക്ക് കൊണ്ടുപോയ ശേഷം തിരികെയെത്തി രാത്രി വൈകിയും ശ്യാംകുമാര്‍ ജോലി ചെയ്തിരുന്നതായി മൊഴിയുണ്ട്.
ശ്യാംകുമാറിന്‍റെ ഫോണും പഴ്സും മറ്റ് അത്യാവശ്യ വസ്തുക്കളും വീട്ടിലുണ്ട്. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് വൈക്കം പൊലീസും ഫയർഫോഴ്സും പ്രദേശത്ത് പുഴയിലടക്കം തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്കൂൾ കലോൽസവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ശ്യാകുമാറിനെ സമ്മർദ്ദത്തിലാക്കിയിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ ജോലിഭാരം സംബന്ധിച്ച ആരോപണത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചിട്ടില്ല.