എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമോയെന്നതില്‍ തീരുമാനം ഈ ആഴ്ച. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ഉടന്‍ സമര്‍പ്പിക്കും. ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലടക്കം വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയേക്കും. അതേസമയം തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയിലും അജിത്കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസ് വീഴ്ചയിലും രണ്ട് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചേക്കും.
പൂരം കലക്കിയതില്‍ വീണ്ടും അന്വേഷണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയില്‍ രണ്ട് വ്യത്യസ്ത അന്വേഷണമാണ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. പൂരം കലക്കിയതിലെ ഗൂഡാലോചന ക്രൈംബ്രാഞ്ചോ പ്രത്യേക സംഘമോ അന്വേഷിക്കും. രണ്ടാമത്തെ അന്വേഷണം പൊലീസ് വീഴ്ചയേക്കുറിച്ചാണ്. പൊലീസിന് വീഴ്ചയില്ലെന്ന എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനോട് വിയോജിച്ച ഡി.ജി.പി അജിത്കുമാറിന്‍റെ വീഴ്ച അക്കമിട്ട് നിരത്തിയിരുന്നു. ഇതോടെയാണ് പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. അതിനായി ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിലെ സംഘത്തെയോ ചുമതലപ്പെടുത്തിയേക്കും. വീണ്ടും അന്വേഷണത്തിന് വിധേയമാകുന്നതോടെയെങ്കിലും അജിത്കുമാറിനെ മാറ്റുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
അതിനിടെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലടക്കം എ.ഡി.ജി.പിക്കെതിരെ ഡി.ജി.പി നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറും. കൂടിക്കാഴ്ചാ വിവാദം കൂടാതെ എടവണ്ണ റിദാന്‍ വധം, കോഴിക്കോട് മാമി തിരോധാനം,സോളര്‍ കേസ് അട്ടിമറിച്ചതില്‍ പങ്ക്, ഫോണ്‍ ചോര്‍ത്തല്‍, നവകേരള സദസിനിടയില്‍ ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് തുടങ്ങിയ പരാതികളിലാണ് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന വെള്ളിയാഴ്ചക്ക് മുന്‍പ് മുഖ്യമന്ത്രി ഇത് പരിശോധിക്കും. റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. അതിനാല്‍ അജിത്കുമാറിന് മുഖ്യമന്ത്രി തുടരുന്ന സംരക്ഷണത്തിലും ക്രമസമാധാന ചുമതലയിലെ അജിത്കുമാറിന്‍റെ ഭാവിയിലും ഈ ആഴ്ച അന്തിമ വിധി നിര്‍ണയിക്കും.