സുപ്രീംകോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞതോടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള കേസിലെ ആദ്യ അറസ്റ്റിനുള്ള അവസരമാണ് പൊലീസ് കളഞ്ഞുകുളിച്ചത്. അഞ്ച് ദിവസമായി സിദ്ദിഖിനെ കണ്ടെത്താനായില്ലെന്ന പൊലീസിന്റെ വാദം ഒളിച്ചുകളിയെന്ന ആക്ഷേപം ശക്തമാകുന്നു. ഇനി നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേകസംഘത്തിന്റെ ആലോചന. അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ഓഗസ്റ്റ് 27ന് ബലാല്‍സംഗമടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് ആറ് ദിവസം കഴിഞ്ഞാണ് സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. ഇത്രയും ദിവസം ഒരു തടസവുമില്ലാഞ്ഞിട്ടും സിദ്ദിഖിനെ ചോദ്യം ചെയ്തുപോലുമില്ല. പിന്നീട് 28 ദിവസം, ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ലെന്ന കീഴ് വഴക്കം പറഞ്ഞ് സിദ്ദിഖിനെ സ്വതന്ത്രനാക്കി. പിന്നീട് ജാമ്യാപേക്ഷ തള്ളിയ ശേഷമുള്ള അഞ്ച് രാപ്പകലുകള്‍. റോഡിലിറങ്ങി നിന്നാല്‍ എല്ലാവരും തിരിച്ചറിയുന്ന സിദ്ദിഖെന്ന നടനെ കേരള പൊലീസ് തപ്പിയിട്ട് മാത്രം കണ്ടെത്തിയില്ല.
ഒടുവില്‍ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നെടുത്ത കേസുകളില്‍ ഏറ്റവും ശക്തമായ തെളിവുള്ള കേസില്‍ പോലും പ്രതി അറസ്റ്റില്ലാതെ രക്ഷപെടുന്ന അവസ്ഥ കേരള പൊലീസ് വാങ്ങിയെടുത്തു. സര്‍ക്കാരിന്റെ ഒളിച്ചുകളിയെന്ന ആരോപണവുമായി പ്രതിപക്ഷം തന്നെ രംഗത്തെത്തി.
പരാതിക്കാരിയുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ശേഖരിച്ച് കഴിഞ്ഞതിനാല്‍ സിദ്ദിഖിന്റെ മൊഴിയെടുക്കുകയാണ് അന്വേഷണത്തിന്റെ അടുത്തഘട്ടം. കസ്റ്റഡിയിലെടുക്കാതെ, നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുക മാത്രമാണ് പൊലീസിന് മുന്നിലെ വഴി. സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുന്ന രണ്ടാഴ്ച വരെ അതിന് കാത്തിരിക്കേണ്ട. അതിനിടെ സുപ്രീംകോടതി ഉത്തരവ് പരിശോധിച്ച ശേഷം സിദ്ദിഖ് ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകുമെന്നാണ് അഭിഭാഷകന്‍ അറിയിക്കുന്നത്.