ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍. സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. സിദ്ദിഖിനെ സംബന്ധിച്ച് അതിനിര്‍ണായകമാണ് ഈ കോടതി വിധി. 

Read Also: ബലാത്സംഗക്കേസ്; സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. സിദ്ദിഖിന് രണ്ടാഴ്ചത്തേക്ക് സംരക്ഷണം. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു . പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കണമെന്നും കോടതി. നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ കോടതിയില്‍ വാദിച്ചു. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

പരാതി നല്‍കാന്‍ വൈകിയത് കേസിനെ ബാധിക്കുന്നതല്ല. അതിജീവിത മാനസിക ആഘാതത്തിലായിരുന്നു, ചികില്‍സ തേടിയതിനും തെളിവുണ്ട്. കേസിനുപിന്നില്‍ സിനിമാമേഖലയിലെ ചേരിപ്പോരെന്ന വാദം തെറ്റാണെന്നും സർക്കാർ വാദിച്ചു. സിദ്ദിഖ് സ്വാധീനശേഷിയുള്ളയാളാണ് അതുകൊണ്ടു തന്നെ ജാമ്യം നല്‍കിയാല്‍ അത് അതിജീവിതയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

അതിനിടെ പൊലീസും സിദ്ദിഖും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി അതിജീവിത രംഗത്തെത്തി. സിദ്ദിഖിന് ഒളിവിൽ പോകാൻ സമയം നൽകിയെന്ന് കോടതിയില്‍ വാദിച്ചു. ഒട്ടേറെ ഇലക്ട്രോണിക് തെളിവുകൾ സിദ്ദിഖ് നശിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദിഖിന്‍റെ ജാമ്യഹർജി പരിഗണിച്ചത്.

സിദ്ദിഖിനായി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗി ഹാജരായി. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ടിയും അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.

ENGLISH SUMMARY:

SC grants interim protection from arrest to actor Siddique in rape case