മുകേഷ് എം.എല്‍.എ. ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പീഡനപരാതി നല്‍കിയ നടി കൂടുതല്‍ പേര്‍ക്കെതിരെ രംഗത്ത്. ബാലചന്ദ്രമേനോന്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ക്കെതിരെ ആലുവ സ്വദേശിനിയായ നടി പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിനല്‍കി. അഡ്വ ഷൈജു സി ജോര്‍ജിനെതിരെയും പീഡന പരാതി നല്‍കി. നടിക്കെതിരെ ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
അതേസമയം, നടിയുടെ ലൈംഗിക ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നടിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. നടിക്കെതിരെയും അഭിഭാഷകനെതിരെയും നല്‍കിയ ബ്ലാക്ക്മെയ് ലിങ് പരാതിയിലും ഡിജിപി ഇന്ന് തീരുമാനമെടുക്കും. മുന്നറിയിപ്പ് നല്‍കാനായി ബാലചന്ദ്രമേനോനെ വിളിച്ചിരുന്നുവെന്ന് നടിയുടെ അഭിഭാഷകന്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചിരുന്നു.
ആലുവ സ്വദേശിയായ നടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. സമൂഹമാധ്യമ അക്കൗണ്ടിലൂടെയും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലുമായിരുന്നു ഗുരുതര പരാമര്‍ശങ്ങള്‍. നടിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് സൈബര്‍ പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. നടിയുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്രമേനോന്‍റെ രണ്ടാമത്തെ പരാതി. ആരോപണങ്ങള്‍ ഉയരുന്നതിന് തലേദിവസം അഭിഭാഷകന്‍ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം. ഭീഷണിയില്ല മുന്നറിയിപ്പെന്ന നിലയിലാണ് ബാലചന്ദ്രമേനോനെ വിളിച്ചതെന്നാണ് അഭിഭാഷകന്‍ സംഗീത് ലൂയിസിന്‍റെ വാദം.
ബാലചന്ദ്രമേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ അടുത്ത ദിവസം കൂടുതല്‍ നടിമാരുടെ വെളിപ്പെടുത്തലുണ്ടാകുമെന്നും അഭിഭാഷകന്‍ ആവര്‍ത്തിച്ചു. നടിക്കെതിരെ ബന്ധുവിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.