TOPICS COVERED

നടൻ സിദ്ദിഖിന്റെ അറസ്റ്റ്  സുപ്രീം കോടതി തടഞ്ഞതിൽ കൊച്ചിയിൽ മധുര പലഹാര വിതരണവും ആഘോഷവും. കാക്കനാട് പടമുകളിലെ  സിദ്ദിഖിന്റെ വസതിയുടെ മുൻപിൽ ആണ് ലഡു വിതരണം ചെയ്തത്.  സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു.

സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് അയൽവാസികൾ മധുര പലഹാരങ്ങളുമായി സിദ്ദിഖിന്റെ വീടിനു മുൻപിൽ എത്തിയത്. വാഹനങ്ങൾക്ക് കൈ കാണിച്ച് തടഞ്ഞുനിർത്തി ലഡു വിതരണം തുടങ്ങി. കാര്യം തിരക്കിയ  യാത്രക്കാരോട്, സിദ്ദിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു എന്നും പറഞ്ഞു. സിദ്ദിഖിന്റെ  അറസ്റ്റ് തടയുകയാണ്  സുപ്രീംകോടതി ചെയ്തതെന്ന് മാധ്യമപ്രവർത്തകർ തിരുത്തിയെങ്കിലും  മാറ്റിപ്പറയാൻ  നാട്ടുകാർ കൂട്ടാക്കിയില്ല.

ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ് സിദ്ദിഖിന്റെ വസതി. തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പരിശോധന നടത്താൻ എത്തിയെങ്കിലും ഗേറ്റ് തുറക്കാൻ സാധിച്ചിരുന്നില്ല. സിദ്ദിഖിന്റെ ആലുവ കുട്ടമശ്ശേരിയിലുള്ള വീട്ടിലും പരിശോധന നടത്താൻ പോലീസ് ശ്രമിച്ചിരുന്നു.

ENGLISH SUMMARY:

Ladu distribution in Kochi after Supreme Court blocked Siddique's arrest