siddique-resort

ബലാല്‍സംഗ കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി നല്‍കിയത് ഇടക്കാല മുന്‍കൂര്‍ ജാമ്യം.ഉത്തരവില്‍ ഭേദഗതി. സിദ്ദിഖിന്‍റെ അറസ്റ്റിന് തടസമില്ല . അറസ്റ്റ് ചെയ്താല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണം. ജാമ്യ ഉപാധികള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാം . ഇടക്കാല ജാമ്യം ഹര്‍‌ജി വീണ്ടും പരിഗണിക്കുന്നതുവരെയായിരിക്കും. 

Read Also:സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഉടന്‍ ഹാജരാകും: അഭിഭാഷകന്‍

പരാതിയിലെ കാലതാമസം എന്ന വാദം മുഖവിലയ്ക്കെടുത്ത കോടതി എട്ടു വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ചോദിച്ചു.  സര്‍ക്കാരിനോടും അതിജീവിതയോടും സത്യാവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.  സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.  സിദ്ദിഖിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്ത്ഗി പരാതി നൽകുന്നതിൽ 8 വർഷത്തെ കാലതാമസമുണ്ടായെന്ന് ആദ്യംതന്നെ ചൂണ്ടിക്കാട്ടി. പരാതിക്കാരിയ ഇടയ്ക്ക് ചില ഫേസ്ബുക്ക് പോസ്റ്റുകളിട്ടെന്നുമാത്രം. സമാനകേസില്‍ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.  പ്രശസ്ത നടനായ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുമെന്നും മുകുള്‍ റോഹ്ത്ത്ഗി വാദിച്ചു.     

 

എട്ടുവര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി.  ഇനിയും വെളിച്ചെത്തമെത്താത്ത കേസുകളുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘം 29 കേസുകളെടുത്തതായും സര്‍ക്കാരിനായി ഹാജരായ അഡി. സോളിസിറ്റിര്‍ ജനറല്‍ ഐശ്യര്യ ഭാട്ടി വാദിച്ചു.  29ല്‍ ഒന്നുമാത്രമാണ് സിദ്ദിഖിനെതിരെയുള്ളതെന്ന് മുകുള്‍ റോഹ്ത്ത്ഗി

2014-ൽ 19 വയസുമാത്രമുള്ള പരാതിക്കാരിയെ സിദ്ദിഖ് ഫേസ്ബുക്കിലൂടെ സമീപിച്ചു, 2016 ൽ ഒരു പ്രിവ്യൂവിന് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അതിജീവിതയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചു. പ്രതിയുടെ പെരുമാറ്റവും ഉപയോഗിച്ച ഭാഷയും പരിഗണിക്കണം. ഹോളിവുഡ് നടന്‍ ഹാർവി വെയ്ൻസ്റ്റീനെതിരെ മീറ്റു ആരോപണമുയര്‍ന്നതുപോലെയാണ് ഇവിടെയും സംഭവിക്കുന്നതെന്നു പറഞ്ഞ വൃന്ദ ഗ്രോവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടി.   ഇത്തരം കാര്യങ്ങൾ സിനിമ മേഖലയിൽ മാത്രമല്ലെന്നായിരുന്നും കോടതിയുടെ പ്രതികരണം.  

ആറുമിനുറ്റ് മാത്രമാണ്  വാദപ്രതിവാദം നീണ്ടത്.  സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും വിചാരണ കോടതിയുടെ ഉപാധികള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.  കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫും സുപ്രീം കോടതിയിലെത്തിയിരുന്നു.

ENGLISH SUMMARY:

Siddique granted interim anticipatory bail