നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണിത്.  

പരാതി നല്‍കാന്‍ വൈകിയത് കേസിനെ ബാധിക്കുന്നതല്ല. അതിജീവിത മാനസിക ആഘാതത്തിലായിരുന്നു, ചികില്‍സ തേടിയതിനും തെളിവുണ്ട്. കേസിനുപിന്നില്‍ സിനിമാമേഖലയിലെ ചേരിപ്പോരെന്ന വാദം തെറ്റാണെന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തും. സിദ്ദിഖ് സ്വാധീനശേഷിയുള്ളയാളാണ് അതുകൊണ്ടു തന്നെ ജാമ്യം നല്‍കിയാല്‍ അത് അതിജീവിതയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നും വ്യക്തമാക്കും.

അതിനിടെ പൊലീസും സിദ്ദിഖും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി അതിജീവിത രംഗത്തെത്തി. സിദ്ദിഖിന് ഒളിവിൽ പോകാൻ സമയം നൽകിയെന്ന് കോടതിയില്‍ വാദിക്കും, നിരവധി ഇലക്ട്രോണിക് തെളിവുകൾ സിദ്ദിഖ്  നശിപ്പിച്ചെന്നും അതിജീവിത ആരോപിക്കുന്നു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദിഖിന്‍റെ ജാമ്യഹർജി പരിഗണിക്കുന്നത്. 

സിദ്ദിഖിനായി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗി ഹാജരാകും. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ടിയും അതിജീവിതയ്ക്കായി മുതിര്‍ന്ന  അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരാകും. 

ENGLISH SUMMARY:

Actor Siddique have done a brutal crime, have sufficient evidences against him. Says Governemt on siddique included sexual assault case.