ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.  ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോടതിയിൽ 62-ാമതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഹർജി ഉച്ചയോടെ പരിഗണിക്കാനാണ് സാധ്യത. 

സിദ്ദിഖിനായി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗി ഹാജരാകും. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ടിയും അതിജീവിതയ്ക്കായി മുതിര്‍ന്ന  അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരാകും.  അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് അന്വേഷണ പുരോഗതിയും സിദ്ദിഖിനെതിരായ തെളിവുകളും സംബന്ധിച്ച് ഐശ്വര്യ ഭാട്ടിയുമായി ആശയവിനിമയം നടത്തിയിരുന്നു. സിദ്ദിഖിന്റെ മകൻ ഷഹീനും ഡൽഹിയിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണസംഘം സിദ്ദിഖിന്‍റെ മകന്‍ ഷഹീനേയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഷഹീന്‍ രംഗത്തെത്തി. ഉപ്പയെവിടെയെന്ന് പറഞ്ഞില്ലെങ്കില്‍ സുഹൃത്തുക്കളെ അറസറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷഹീന്‍റെ പരാതി.

ചോദ്യം ചെയ്യലിനു പിന്നാലെ ഷഹീന്‍റെ സുഹൃത്തുക്കളായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് മാത്യു എന്നിവരെ എസ്ഐടി കൂട്ടികൊണ്ടുപോയിരുന്നു. ആറ് മണിക്കൂറിലേറെ പിന്നിട്ടിട്ടും ഇരുവരെ കുറിച്ച് ഒരുവിവരവും ലഭിക്കാതെ വന്നതോടെ കുടുംബം കൊച്ചി കമ്മിഷണര്‍ക്ക് പരാതി നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സുഹൃത്തുക്കളെ അന്വേഷണസംഘം വിട്ടയച്ചു. 

പൊലീസ് ഉദ്യോഗസ്ഥര്‍ നല്ലരീതിയിലാണ് പെരുമാറിയതെന്നും ഇരുവരും വ്യക്തമാക്കി. സിദ്ദിഖിന് ഒളിവില്‍ പോകാനടക്കം സഹായം ചെയ്തതില്‍ ഷഹിന്‍റെ സുഹൃത്തുകള്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതേ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.

ENGLISH SUMMARY:

Supreme Court will consider Actor Siddique's anticipatory bail application today.