couple-theft

തിരുവനന്തപുരം പാലോട് വീട് കുത്തിതുറന്ന് മോഷണം നടത്തിയ ദമ്പതികളായ മോഷ്ടാക്കൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജു എന്ന് വിളിപ്പേരുള്ള രാജേഷ്, നന്ദിയോട് സ്വദേശി അരുൺ, ഇവരുടെ ഭാര്യമാരായ രേഖ, ശില്പ എന്നിവരാണ് അറസ്റ്റിലായത്. പാലോട് ആൾ താമസമില്ലാതെ പൂട്ടികിടന്ന വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് നാലംഗ സംഘത്തെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 

തിരുവനന്തപുരം പാലോട് പ്രദേശത്ത് ഭാര്യമാരെ ഒപ്പം കൂട്ടി കുടുംബസമേതമായി രണ്ടു മാസത്തോളമായി പ്രതികൾ മോഷണം നടത്തി വരികയായിരുന്നു. ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ മോഷണം നടത്തിവന്നത്. പാലോട് പൂട്ടികിടന്ന വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇപ്പോൾ പിടിയിലായത്. കേരളത്തിൽ മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് തമിഴ്‌നാട്ടിൽ വീടും വസ്തുവും വാങ്ങുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ തമിഴ്‌നാട്ടിൽ സ്വർണ്ണ വ്യാപാരികൾക്ക് വിൽക്കുകയും ഭാര്യമാരെ ഉപയോഗിച്ച് പണയം വെക്കുകയും ചെയ്യും. മോഷണ മുതൽ വിൽക്കുന്നതിനായി ഇവർ കോയമ്പത്തൂരിൽ വീട് വാടകയ്ക്ക് എടുത്തിരുന്നു. പാലോട് കരിമൺ കോട് നിന്നും രണ്ട് അംഗ ബൈക്കിൽ യാത്ര ചെയ്യവെ ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.