roshan-gold-3

തൃശൂരിലെ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ മുഖ്യപ്രതി റോഷന്‍ വർഗീസ് ഉപയോഗിച്ചത് ഡി.വൈ.എഫ്.ഐ നേതാവിന്റെ കാര്‍. തിരുവല്ലയില്ല നാങ്കരമല യൂണിറ്റ് സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹുലിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. തൃശൂര്‍ പൊലീസ് ഷാഹുല്‍ ഹമീദിന്‍റെ തിരുവല്ലയിലെ വീട്ടില്‍ പരിശോധന നടത്തി.

 

തൃശൂരിൽ രണ്ടുകോടി രൂപയുടെ സ്വർണം കൊള്ളയടിച്ച സംഘത്തിന്‍റെ തലവൻ റോഷൻ വർഗീസ് ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്ത് സ്വന്തമാക്കിയത് അരലക്ഷം ഫോളോവേഴ്സിനെ. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലായി 22 കേസുകളിൽ പ്രതിയാണ്. കുപ്രസിദ്ധ മോഷ്ടാവ് റോഷൻ തിരുവല്ല. യഥാർഥ പേര് റോഷൻ വർഗീസ്. പ്ലസ്ടു വരെ പഠിച്ചു. പ്രധാന പണി സ്വർണം തട്ടിയെടുക്കുക. വിവിധ ദേശീയപാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുത്തു. പിടിയിലായി റിമാൻഡിലാകും. ജയിലിൽ നിന്നിറങ്ങി വീണ്ടും സ്വർണം തട്ടും. തൃശൂർ കല്ലിടുക്ക് ദേശീയപാതയിൽ സ്വർണം തട്ടിയ ഒൻപതംഗ സംഘത്തിന്റെ തലവൻ റോഷനാണ്. തിരുവല്ലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

 

ഇൻസ്റ്റഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇത് മോഷ്ടാവിന്റെ അക്കൗണ്ടാണെന്ന് അറിയില്ല. സ്ഥിരമായി റീൽ ചെയ്ത് ഒട്ടേറെ ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. തൃശൂരിൽ സ്വർണം നഷ്ടപ്പെട്ട വ്യാപാരി സാധാരണ കച്ചവടക്കാരനാണ്. മോഷ്ടാക്കൾ കൊണ്ടുപോയ സ്വർണം തിരിച്ചുകിട്ടിയില്ലെങ്കിൽ ജീവിതം വഴിമുട്ടും. ഇതുതിരിച്ചറിഞ്ഞ പൊലീസ് സ്വർണം വീണ്ടെടുക്കാൻ കഠിന ശ്രമം തുടങ്ങി. മൂന്നു ക്വട്ടേഷൻ സംഘമാണ് സ്വർണ കവർച്ചയ്ക്കു പിന്നിൽ. തിരുവല്ല, ചേരാനെല്ലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് സംഘത്തിൽ. 

കോയമ്പത്തൂരിൽ നിന്ന് സ്വർണവുമായി കാറിൽ വ്യാപാരികൾ പുറപ്പെട്ട വിവരം കവർച്ചാസംഘത്തിന് ഒറ്റുക്കൊടുത്ത ഒരാളുണ്ട്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇനി, പിടിയിലാകാനുള്ള നാലു പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അറസ്റ്റിലായ അഞ്ചു പ്രതികളേയും റിമാൻഡ് ചെയ്തു. ഇനി, കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടേയും ഒല്ലൂർ എ.സി.പി എസ്.പി. സുധീരന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കവർച്ച നടന്ന സമയം അതുവഴിവന്ന സ്വകാര്യ ബസിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വഴിത്തിരിവായത്. 

ENGLISH SUMMARY:

Thrissur highway gold heist: DYFI leader's car used by main accused