തൃശൂരില്‍ രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ ഒന്നാം പ്രതി റോഷന്‍ വര്‍ഗീസിനെ സംരക്ഷിച്ചിരുന്നത് സിപിഎമ്മിലെ ഒരു വിഭാഗവും പൊലീസും എന്ന് ആരോപണം. കാപ്പാകേസില്‍ ആറ് മാസം ജയിലില്‍ കിടന്ന റോഷന്‍ പുറത്തിറങ്ങി വീണ്ടും കേസുകളില്‍പ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. റോഷന്‍ പിടിയിലായതോടെ തിരുവല്ല സിപിഎമ്മിലും അടിപൊട്ടി.
ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന റോഷന്‍ വര്‍ഗീസ്. സ്ഥിരം പ്രതിയായതോടെ പാര്‍ട്ടി പുറത്താക്കി. കാപ്പാ പ്രതിയാക്കി നാടുകടത്തിയ പ്രതി ആന്ധ്രയില്‍ 2023 മാര്‍ച്ച് ഏഴിന് 1.89 കോടി കവര്‍ന്ന കേസില്‍ പ്രതിയായി. ആന്ധ്ര പൊലീസ് പിടികൂടാന്‍ എത്തിയപ്പോള്‍ തിരുവല്ല പൊലീസ് കാപ്പാ നിയമം ലംഘിച്ചതിന് കസ്റ്റഡിയില്‍ എടുത്തു വിയ്യൂര്‍ ജയിലിലാക്കി. ആന്ധ്ര പൊലീസ് കൊണ്ടുപോകാതിരിക്കാന്‍ സംരക്ഷണം തീര്‍ത്തതാണ് കരുതല്‍ തടങ്കല്‍ എന്നാണ് ആരോപണം. കാപ്പാ തടവ് കഴിഞ്ഞിറങ്ങി മൂന്ന് കേസില്‍ പ്രതിയായിട്ടും തിരുവല്ല പൊലീസ് അനങ്ങിയില്ല. കാപ്പാ മൂന്നില്‍പ്പെടുത്തി ഒരു വര്‍ഷം ജയിലില്‍ ആക്കേണ്ട സ്ഥാനത്താണ് മിണ്ടാതെ സംരക്ഷണം തീര്‍ത്തത്.
Also Read : തൃശൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച: മുഖ്യപ്രതി ഉപയോഗിച്ചത് ഡിവൈഎഫ്‌ഐ നേതാവിന്റെ കാര്‍
തിരുവല്ലയിലില്ല എന്നാണ് വിശദീകരണം. പക്ഷേ അക്രമം കാണിച്ചതെല്ലാം തിരുവല്ലയിലും. പൊലീസ് അസോസിയേഷന്‍ നേതാവാണ് റോഷന്‍റെ സംരക്ഷകന്‍ എന്നാണ് ആരോപണം. തിരുവല്ലയിലെ ഔദ്യോഗിക പക്ഷം പുറത്തായതോടെയാണ് സിപിഎം റോഷനെതിരെ നിലവില്‍ രംഗത്തുള്ളത്. സിപിഎമ്മിലെ പീഡനക്കേസ് പ്രതിയുടെ അടക്കം ക്വട്ടേഷന്‍ സംരക്ഷകനാണ് റോഷന്‍.
തിരുവല്ലയിലെ ഡിവൈഎഫ്ഐ നേതാവ് ഷാഹുല്‍ ഹമീദിന്‍റെ വാഹനത്തില്‍ നിന്നാണ് പീച്ചി പൊലീസ് കഴിഞ്ഞ ദിവസം റോഷനെ പിടികൂടിയത്. ഷാഹുല്‍ ഹമീദ് ഒളിവിലാണ്. തിരുവല്ല കെ.പി.നഗര്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്ന ഷാഹുല്‍ ഹമീദിനെ നേരത്തെ പുറത്താക്കി എന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.