യുവനടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിട്ടും ഒളിച്ചുകളി തുടര്‍ന്ന് സിദ്ദിഖും പൊലീസും. ജാമ്യം ലഭിച്ച ശേഷവും ഒളിവില്‍ തുടരുന്ന സിദ്ദിഖ്, നോട്ടീസ് നല്‍കിയാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ നോട്ടീസ് നല്‍കാന്‍ പൊലീസ് തയാറായില്ല. SIT യോഗം ചേര്‍ന്ന ശേഷം തുടര്‍നടപടി തീരുമാനിക്കും.
സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ തല്‍കാലത്തേക്കെങ്കിലും സിദ്ദിഖ് ജയിലില്‍ കിടക്കേണ്ടി വരില്ലെന്ന് മാത്രമാണ് ഉറപ്പായത്. അന്വേഷണസംഘത്തിന് അറസ്റ്റ് ചെയ്യുന്നതിന് ഒരു തടസവുമില്ല. രണ്ടാഴ്ച കഴിഞ്ഞ് ഹര്‍ജി പരിഗണിക്കുമ്പോളാവും അന്തിമ ജാമ്യവിധിയുണ്ടാവുക. അതുകൊണ്ട് തന്നെ ഈ കാലത്തിനിടയില്‍ ഒളിച്ചോടാതെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചൂവെന്ന് വരുത്തേണ്ടത് സിദ്ദിഖിന്‍റെ ആവശ്യമാണ്. അത് മനസില്‍ കണ്ടാണ് നോട്ടീസ് നല്‍കിയാല്‍ എവിടെ വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്ന് സിദ്ദിഖിന്‍റെ അഭിഭാഷകന്‍ പറയുന്നത്.
Also Read : പീഡന പരാതി; നിവിന്‍ പോളിയെ ചോദ്യം ചെയ്തു
രണ്ട് ദിവസം നോട്ടീസിനായി കാത്തിരിക്കും. കിട്ടിയില്ലങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് താല്‍പര്യം അറിയിക്കാനുമാണ് സിദ്ദിഖിന്‍റെ ആലോചന. മാധ്യമങ്ങളോട് ഇതെല്ലാം വിശദീകരിക്കുമ്പോളും സിദ്ദിഖ് പുറംലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ സിദ്ദിഖിന്‍റെ അഭിഭാഷകന്‍ പറയുന്നത് പോലെ എടുത്തുചാടി നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘം തയാറല്ല. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എന്ത് ചെയ്യണമെന്ന് നിയമോപദേശം തേടിയിട്ടുണ്ട്.
അത് ലഭിച്ച ശേഷം ഇന്ന് വൈകിട്ട് അന്വേഷണസംഘം യോഗം ചേരും. അതനുസരിച്ച് തുടര്‍നടപടിയെന്നാണ് പ്രത്യേകസംഘം വിശദീകരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍കോടതി അനുമതി തേടുമെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാദപ്രതിവാദം തുടരുമ്പോള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും സിദ്ദിഖ് ഒളിവുജീവിതത്തിലാണ്. കണ്ടെത്താനായില്ലെന്ന് പതിവ് മറുപടിയില്‍ പൊലീസും.