അഞ്ച് വര്‍ഷത്തോളം സര്‍ക്കാര്‍ പൂഴ്ത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള ചലച്ചിത്ര ലോകത്ത് ഒരു കോളിളക്കം സൃഷ്ടിച്ചാണ് പുറത്തുവന്നത്. കാലങ്ങളായി ചലച്ചിത്രലോകത്ത് പറഞ്ഞുകേട്ടിരുന്ന പിന്നാമ്പുറ കഥകള്‍ പലതും സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖരില്‍ പലരും കേസുകളില്‍ പ്രതികളായതോടെ വെള്ളിത്തിരയിലെ നായകരില്‍ പലരും യഥാര്‍ഥ ജീവിതത്തില്‍ വില്ലന്‍മാരാകുകയും ജയിലിലേക്കുള്ള പാതയിലാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു. എന്നാല്‍ സിദ്ദിഖിന് ജാമ്യം ലഭിച്ചതോടെ ഭൂരിഭാഗം കേസുകളുടെയും മുനയൊടിയുകയും കേസിലെ പ്രതികളാരും തന്നെ ജയിലിലാകാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാവുകയുമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ 29 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തിരുന്നത്. സംവിധായകന്‍ രഞ്ജിത്ത്, സിദ്ദിഖ്, മുകേഷ്, ജയസൂര്യ, നിവിന്‍ പോളി, ഇടവേള ബാബു, മണിയന്‍പിള്ള രാജു അടക്കം ഒട്ടേറെ പ്രമുഖര്‍ പ്രതികളായി. ഇതില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ശക്തമെന്ന് പ്രത്യേകസംഘം വിലയിരുത്തിയ കേസായിരുന്നു സിദ്ദിഖിനെതിരെയുള്ളത്.
2016 ജനുവരിയില്‍ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ പരാതി. പീഡനം നടന്നതായി പറയുന്ന ദിവസം സിദ്ദിഖ് ഈ ഹോട്ടലില്‍ താമസിച്ചെന്നതിന് തെളിവുണ്ട്. സിദ്ദിഖ് താമസിച്ച മുറി പെണ്‍കുട്ടി തിരിച്ചറിഞ്ഞതും തെളിവായി. പെണ്‍കുട്ടി ഹോട്ടലില്‍ എത്തിയതിന് സാക്ഷിമൊഴികളും ലഭിച്ചു. ഇതോടെയാണ് തെളിവുണ്ടെന്നും കേസ് നിലനില്‍ക്കുമെന്നും പൊലീസ് വിലയിരുത്തിയതും സിദ്ദിഖിനെ അറസ്റ്റ് ചെയ്യണമെന്ന് വാദിച്ചതും. ആകെയെടുത്ത 29 കേസുകളില്‍ ഏതിലെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ സാധിക്കുമെങ്കില്‍ അത് സിദ്ദിഖിനെയാണെന്നും പൊലീസ് വിലയിരുത്തി. ആ പ്രതീക്ഷയ്ക്കാണ് സുപ്രീംകോടതി വിധി തിരിച്ചടിയായത്.
അറസ്റ്റ് സാധ്യതയില്ലാതായതില്‍ പൊലീസിന്‍റെ ഭാഗത്തും വീഴ്ചയുണ്ട്. കേസെടുത്ത ശേഷം സിദ്ദിഖ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത് വരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചശേഷമുള്ള രണ്ടാഴ്ചയോളം സിദ്ദിഖിനെ കാണാനില്ലെന്ന പേരിലും അറസ്റ്റ് വൈകിപ്പിച്ചു. ഈ സമയങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സിദ്ദിഖിന് സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരം ലഭിക്കില്ലായിരുന്നു.
സിദ്ദിഖിന്റെ കേസില്‍ ഇനി അവശേഷിക്കുന്ന തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം കുറ്റപത്രം നല്‍കുക മാത്രമാണ് പൊലീസിന് മുന്നിലുള്ള വഴി. മറ്റ് കേസുകളിലും കുറ്റപത്രം നല്‍കി വിചാരണയിലേക്ക് കടക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പരാതി കള്ളമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. മുകേഷും മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും അടക്കമുള്ളവരെ സാങ്കേതിക അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു കഴിഞ്ഞു. അങ്ങിനെ ഭൂരിഭാഗം കേസുകളും സാധാരണ നടപടികള്‍ മാത്രമായി മാറി.
ഇനി കൃത്യമായ തെളിവുകളോടെ വിചാരണ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിനും പൊലീസിനും ചെയ്യാനാവുക. അവിടെയും പാളിയാല്‍ സ്ത്രീ ചൂഷണത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കെന്നൊക്കെ വിശേഷിപ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ നടപടികളും എങ്ങുമെത്താതെ അവസാനിക്കും .