എരുമേലി അയ്യപ്പ ക്ഷേത്രത്തിൽ കുറി തൊടുന്നതിനായി ഇനിമുതൽ പത്തു രൂപ ഈടാക്കാൻ ദേവസ്വം ബോർഡ്. വിവാദ തീരുമാനത്തിനെതിരെ അയ്യപ്പ സേവാസമാജം പ്രതിഷേധവുമായെത്തി. സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം
വരുന്ന ശബരിമല സീസണിൽ പേട്ടതുള്ളി എരുമേലി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കുറി ചാർത്താൻ 10 രൂപ ഈടാക്കാൻ ആണ് ബോർഡ് തീരുമാനിച്ചത്. ഇതിനായി 4 സ്റ്റാളുകൾ ദേവസ്വം ബോർഡ് ലേലത്തിൽ വച്ചു..10 ലക്ഷം രൂപയോളം ദേവസ്വം ബോർഡിന് ലേലത്തിൽ നിന്ന് ലഭിച്ചുവെന്നാണ് അയ്യപ്പ സേവാസമാജം പറയുന്നത്..
ബോർഡ് തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്. അതേസമയം സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് ചടങ്ങ് ഏറ്റെടുത്തതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം.50 രൂപ സ്വകാര്യ കച്ചവടക്കാർ വാങ്ങിയിരുന്ന ഇടത്താണ് പത്ത് രൂപയായി നിജപ്പെടുത്തിയത്..യോഗത്തിലോ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോഴോ ആരും ആക്ഷേപം ഉന്നയിച്ചിരുന്നില്ലെന്നും ലേല നടപടികൾ പൂർത്തിയായ ശേഷമുള്ള കുപ്രചരണം സ്ഥാപിത താൽപര്യം മുൻനിർത്തിയെന്നും ദേവസ്വം ബോർഡ് പറഞ്ഞു. സ്വകാര്യ കച്ചവടക്കാർ അൻപത് രൂപയ്ക്ക് കുറി ലഭ്യമാക്കിയിരുന്ന സമയത്ത് സൗജന്യമായി അമ്പലത്തിൽ കുറി തൊടാനുള്ള സൗകര്യമുണ്ടായിരുന്നു.