lorry-udama-manaf

ഷിരൂരിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ കുടുംബം ആക്ഷേപം ഉന്നയിച്ചതോടെ മനാഫിന്‍റെ യൂട്യൂബ് ചാനൽ തേടിപ്പിടിച്ച് കമന്‍റിട്ട് മലയാളികള്‍. ഈശ്വര്‍ മല്‍പെയ്ക്കും മനാഫിനും യുട്യൂബ് ചാനലുണ്ടെന്നും അര്‍ജുനെ ഉപയോഗിച്ച് കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. മനാഫിന്‍റെ നടപടികള്‍ നാടകമാണെന്നും സഹോദരീഭര്‍ത്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മനാഫിന്റെ യൂട്യൂബ് ചാനൽ അൺ സബ്സ്ക്രൈബ് ചെയ്യണമെന്നാണ് പലരുടെയും ആവശ്യം.

‘പ്രിയ മനാഫ്, താങ്കൾ ചെയ്തു കൊടുത്ത എല്ലാ നന്മകളും ത്യാഗവും ഓർത്തു കൊണ്ടുതന്നെ വളരെ സ്നേഹത്തോടെ, അതിലേറെ വേദനയോടെ പറയുകയാണ്, ഇനി താങ്കൾ അവരുടെ കാര്യത്തിൽ ഒന്നും പറയല്ലേ... അർജുന്റെ മകന് വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് അവന്റ പേരിൽ വല്ല ബാങ്കിലും ഡെപ്പോസിറ്റ് ആക്കിക്കൊടുക്കൂ. അല്ലാതെ ആ കുടുംബത്തിൽ ഇനി താങ്കൾ കേറിയിറങ്ങല്ലേ. അവർ അതാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായിത്തന്നെ പറഞ്ഞു. താങ്കൾ കാരണം അവരനുഭവിക്കുന്ന വേദന അർജുൻ നഷ്പ്പെട്ടതിൽ ഏറെയാണെന്ന് പോലും പറയാതെ പറഞ്ഞു. ഇനിയും അവർ താങ്കളെ അർഹിക്കുന്നില്ല പ്ലീസ് – സുനീറ സൈഫുദ്ദീന്‍റെ കമന്‍റ് ഇങ്ങനെയാണ്.

‘ഇയാളുടെ വിഡിയോസ് കണ്ടാൽ അല്‍പമെങ്കിലും വിവേകമുള്ളവർക്ക് മനസ്സിലാവും എല്ലാം നാടകം ആയിരുന്നെന്ന്. നാണമില്ലല്ലോ മറ്റുള്ളവരുടെ കണ്ണീരുവിറ്റ് ജീവിക്കാൻ’. പ്രശസ്തിക്കും പണത്തിനും എന്ത് നാടകം കളിക്കാനും ഇന്നത്തെ കാലത്ത് ആളുകൾ തയ്യാറാണ് എന്ന് പറയുകയാണ് ഫഹിദ ഫസില്‍.

‘പ്രിയപ്പെട്ടവൻ മരിച്ചപ്പോൾത്തന്നെ യുട്യൂബ് തുടങ്ങാൻ കാണിച്ച മനസ്സ്‌’ എന്ന് പരിഹസിക്കുന്നു മറ്റൊരാള്‍. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നാണ് അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആരോപണം. അര്‍ജുന്‍റെ ചിത്രം വച്ചാണ് മനാഫിന്‍റെ യൂട്യൂബ് ചാനല്‍. ‘ലോറി ഉടമ മനാഫ്’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ചാനലില്‍ അര്‍ജുനെ പറ്റിയുള്ള വൈകാരിക സംഭാഷണങ്ങള്‍ കൂട്ടിയിണക്കിയാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

Comments against YouTube channel Lorry Udama Manaf