എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ ഭാവിയിൽ നിർണായകമായ അന്വേഷണ റിപ്പോർട്ട് ഡിജിപി നാളെ സമർപ്പിച്ചേക്കും. അന്വേഷണം പൂർത്തിയാക്കാനായി മുഖ്യമന്ത്രി നൽകിയ സമയപരിധി നാളെ അവസാനിക്കും. അൻവർ നൽകിയ പരാതിയിലെ അന്വേഷണവും ഏതാണ്ട് പൂർത്തിയായി. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ഡി ജി പി ശേഖരിച്ചു. മുഖ്യമന്ത്രി നാളെ ഓഫീസിലുള്ളതിനാൽ ഡിജിപി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് അനുസരിച്ച് നടപടി എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

അതേസമയം, വിവാദങ്ങള്‍ക്ക് വഴങ്ങി ക്രമസമാധാന ചുമതലയില്‍ നിന്ന് എം.ആര്‍.അജിത്കുമാറിനെ മാറ്റിയാലും മറ്റൊരു പ്രധാനപദവി നല്‍കിയേക്കും. ജയില്‍ മേധാവി, എക്സൈസ് കമ്മീഷണര്‍ തുടങ്ങിയ പദവികളാണ് പരിഗണിക്കുന്നത്. അജിത്കുമാറിന് പകരം എച്ച്. വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കിയേക്കും. ബല്‍റാംകുമാര്‍ ഉപാധ്യായയും പരിഗണനയിലുണ്ട്.

പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെ കൈവിടേണ്ടെന്ന ഉറച്ചതീരുമാനത്തിലാണ് മുഖ്യമന്ത്രി. പക്ഷെ നിയമസഭ സമ്മേളനത്തിന് മുന്‍പ് വിവാദങ്ങളവസാനിപ്പിക്കാനും മുന്നണിയിലെ പ്രശ്നം പരിഹരിക്കാനും അജിത്കുമാറിന് സ്ഥാനചലനം അത്യാവശ്യമാണെന്നും കരുതുന്നു. അതിനാല്‍ അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവരാത്ത വിഷയങ്ങളായ ആര്‍.എസ്.എസ് കൂടിക്കാഴ്ചയുടെയും പൂരം കലക്കലിലെ തുടരന്വേഷണത്തിന്റെയും പേരില്‍ നടപടിക്കാണ് ആലോചന. ക്രമസമാധാനത്തിന് പുറമെ ബറ്റാലിയന്റെ ചുമതലയുമാണ് അജിത്കുമാറിനുള്ളത്.  

അജിതിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി ബറ്റാലിയനില്‍  നിലനിര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ മുന്നിലെ ആദ്യവഴി. എന്നാല്‍ ഇത്രയും നാളും സംരക്ഷിച്ച അജിത്കുമാറിനെ അങ്ങിനെ ഒതുക്കാന്‍ താല്‍പര്യമില്ല. അതോടെയാണ് പൊലീസ് തലപ്പത്തെ സ്വാഭാവിക അഴിച്ചുപണിയെന്ന രീതിയില്‍ അജിത്കുമാറിനെ മാറ്റി പുതിയൊരു പദവിയില്‍ പ്രതിഷ്ഠിക്കാന്‍ ആലോചിക്കുന്നത്. അതിനായി  ജയില്‍മേധാവി സ്ഥാനമാണ് ആദ്യ പരിഗണന. ആഭ്യന്തരവകുപ്പിന് പുറത്തുള്ള എക്സൈസ് കമ്മീഷണര്‍ പദവിയും ആലോചനയിലുണ്ട്. അജിത്കുമാറിന് പകരക്കാരനായി ക്രമസമാധാന പാലനത്തിലേക്ക് ആദ്യപരിഗണന ‌ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനും രണ്ടാം പരിഗണന ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്കുമാണ്. സീനിയറായ ഒരാളെ വേണമെന്ന് കരുതിയാല്‍ മനോജ് എബ്രഹാമിനെയും പരിഗണിക്കും. 

ENGLISH SUMMARY:

The DGP may submit the investigation report tomorrow, which will be crucial for the future of ADGP MR Ajith Kumar