TOPICS COVERED

ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തെത്തിയിട്ടും ബലാൽസംഗക്കേസിൽ സിദ്ദിഖിന് നോട്ടീസ് നൽകാതെ അന്വേഷണ സംഘം. സുപ്രീം കോടതി ഉത്തരവിലെ ചില കാര്യങ്ങളിൽ വ്യക്തതയില്ലാത്തതാണ് നടപടി വൈകാൻ കാരണം. പൊലീസ് നോട്ടീസ് നൽകുന്നത് വൈകിയാൽ സ്വമേധയാ ഹാജരാകാനുള്ള തീരുമാനത്തിലാണ് സിദ്ദിഖ്.

അറസ്റ്റ് ചെയ്താൽ വിചാരണ കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയമായി സിദ്ദിഖിനെ ജാമ്യത്തിൽ വിടണം എന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ തെളിവെടുപ്പിനോ, ലൈംഗികശേഷി അടക്കമുള്ള പരിശോധനയ്ക്കോ അവസരം ഉണ്ടോ എന്ന് കാര്യത്തിൽ അന്വേഷണസംഘത്തിന് വ്യക്തതയില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതിന് ശേഷം മാത്രം മതി തുടർനടപടി എന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതാണ് സിദ്ദിഖ് പുറത്തെത്തിയതിനുശേഷവും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാനുള്ള കാലതാമസത്തിന് കാരണം. 

അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം തെളിവെടുപ്പടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘം ആഗ്രഹിക്കുന്നത്. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ  ഇക്കാര്യങ്ങൾ എളുപ്പമാകും. അതുകൊണ്ടുതന്നെ അടുത്ത തവണ ഹർജി പരിഗണിക്കുന്നത് വരെ കാത്തിരിക്കാനും സാധ്യതയുണ്ട്. 

എന്നാൽ രണ്ടോ മൂന്നോ ദിവസത്തിനകം നോട്ടീസ് ലഭിച്ചില്ലെങ്കിൽ സ്വമേധയ ഹാജരാകാനുള്ള തീരുമാനത്തിലാണ് സിദ്ദിഖ്. അന്വേഷണവുമായി സഹകരിക്കുന്നു എന്ന് വ്യക്തമാക്കാനാണിത്. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാൽ ജാമ്യാപേക്ഷയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സിദ്ദിഖിനുള്ളത്.

ENGLISH SUMMARY:

Investigation team is not giving notice to Siddique