TOPICS COVERED

കൊച്ചി കളമശേരി എച്ച്എംടി ജംക്‌ഷനിലെ കുരുക്കഴിക്കാന്‍ വണ്‍വേ ഗതാഗത പരിഷ്ക്കാരത്തിന് തുടക്കം. റൗണ്ട് അബൗട്ട് മാതൃകയിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്കാരം. പദ്ധതി വിജയിച്ചാല്‍ നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും പുതിയ പരിഷ്കാരം വ്യാപിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

അഴിക്കും തോറും മുറുകിയിരുന്ന എച്ച്എംടിയിലെ കുരുക്ക് ഇതോടുകൂടി അഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. നാളുകള്‍ നീണ്ട ആലോചനകള്‍ക്കൊടുവിലാണ് പരിഷ്കാരം നടപ്പിലാക്കുന്നത്. പരിഷ്കാരം ഇപ്രകാരം. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ കളമശേരി ആര്യാസ് ജംക്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിയണം. പിന്നീട് എച്ച്എംടി ജംക്ഷനിലെത്തി ടിവിഎസ് കവലവഴി ദേശീയപാതയിലൂടെ യാത്ര തുടരാം. എറണാകുളത്ത് നിന്ന് എച്ച്എംടി ജംക് ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ ആര്യാസ് ജംക്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് യാത്ര തുടരണം. മെഡിക്കല്‍കോളജില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ എച്ച്എംടി കവലയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ടിവിഎസ് ജംക്ഷനില്‍ എത്തി തിരിഞ്ഞുപോകണം. ഇത് പരീക്ഷണം മാത്രമാണെന്നും പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് മന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം.

രാവിലെ മുതല്‍ പരിഷ്കാരം നടപ്പിലാക്കിയെങ്കിലും അവധിയായതിനാല്‍ വാഹനങ്ങള്‍ കുറവായിരുന്നു. പുതിയ പദ്ധതിഫലംകണ്ടോ എന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാകും. 

One way traffic reform to decongest Kochi-Kalamassery HMT Junction begins: