മലപ്പുറത്തിന് എതിരായ പരാമര്‍ശം അനുവാദമില്ലാതെയാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷം. കലാപശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ഡി.ജി.പിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി ഇപ്പോള്‍ പി.ആര്‍ വിജയനായി മാറിയെന്ന് ബി.ജെ.പി പരിഹസിച്ചു.
മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന വിവാദപരാമര്‍ശമുള്ള മുഖ്യമന്ത്രിയുടെ അഭിമുഖവുമായി പത്രം ഇറങ്ങിയത് തിങ്കളാഴ്ച പുലര്‍ച്ചെ. പിന്നീട് 32 മണിക്കൂര്‍ കഴിഞ്ഞ്, ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20നാണ് അത് തിരുത്താന്‍ ആവശ്യപ്പെട്ട് പ്രസ് സെക്രട്ടറി ദ് ഹിന്ദു പത്രത്തിന് കത്തെഴുതുന്നത്. അഭുമുഖം പൂര്‍ണമായും തിരുത്താത്ത പത്രം, വിവാദഭാഗം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പി.ആര്‍ ഏജന്‍സിയെന്ന് വ്യക്തമാക്കി.അതോടെ പത്രം തെറ്റ് സമ്മതിച്ചെന്ന് വ്യാഖ്യാനിച്ച് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷെ വിവാദഭാഗം പത്രത്തിന്റെ സൃഷ്ടിയല്ലന്നും പി.ആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് ഉള്‍പ്പെടുത്തിയതെന്നുമുള്ള നിലപാടില്‍ പത്രം ഉറച്ച് നില്‍ക്കുന്നു. എന്നിട്ടും പത്രത്തേയോ പി.ആര്‍ ഏജന്‍സിയേയോ തള്ളിപ്പറയാനോ ആരുെട നിര്‍ദേശപ്രകാരമാണ് പി.ആര്‍ ഏജന്‍സി ആവശ്യപ്പെട്ടതെന്ന് അന്വേഷിക്കാനോ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയെ ഊരാക്കുടുക്കിലാക്കി.
മലപ്പുറത്തെ രാജ്യത്തിന് മുന്നില്‍ അപമാനിക്കാന്‍ മുഖ്യമന്ത്രി പി.ആര്‍ ഏജന്‍സിയെ ആയുധമാക്കിയെന്ന് ആരോപിച്ച് പി.ആര്‍ ബന്ധത്തിനൊപ്പം മലപ്പുറം പരാമര്‍ശവും ഇരുതലമൂര്‍ച്ചയുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. വിവാദ അഭിമുഖത്തിന് പിന്നില്‍ കലാപശ്രമമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡി.ജി.പിക്ക് പരാതി നല്‍കിയതോടെ വിഷയം നിയമപോരാട്ടത്തിനും കളം ഒരുങ്ങി. പരാമര്‍ശം ന്യൂനപക്ഷങ്ങള്‍ക്കും ജില്ലയ്ക്കും എതിരായ പ്രചാരണത്തിന് ആക്കം കൂട്ടുമെന്ന് പി.കെ.ഫിറോസ്. എന്നാല്‍ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഏറ്റുപിടിക്കുന്ന നിലപാടാണ് ബി.ജെ.പിക്ക്.