മുഖ്യമന്ത്രിയുടെ ‘ദ് ഹിന്ദു’ അഭിമുഖത്തിലെ വിവാദഭാഗം റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത് റിലയന്‍സ് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യന്‍. ഹരിപ്പാട് മുന്‍ സിപിഎം എം.എല്‍.എ ടി.കെ ദേവകുമാറിന്‍റെ മകനാണ് സുബ്രഹ്മണ്യന്‍. പി.ആര്‍ ഏജന്‍സി കെയ്സന്‍റെ സി.ഇ.ഒയ്ക്ക് ഒപ്പമാണ് സുബ്രഹ്മണ്യന്‍ ഇരുന്നത്. റിലയന്‍സിന്‍റെ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റായ സുബ്രഹ്മണ്യന്‍, രാഷ്ട്രീയനേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നയാളുമാണ്. 

അതേസമയം,  മലപ്പുറം ജില്ലയെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ പമാര്‍ശത്തില്‍ ഉലഞ്ഞ് സി.പി.എം. അഭിമുഖത്തിന് പിന്നിലെ പി.ആര്‍. ഏജന്‍സിയെ കുറിച്ചുള്ള ദ് ഹിന്ദു പത്രത്തിന്‍റെ വെളിപ്പെടുത്തല്‍ വന്ന്  21 മണിക്കൂറായിട്ടും മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രിയും ഒാഫീസും. അതിനിടെ മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് മന്ത്രിമാരും സി.പി.എം നേതാക്കളും രംഗത്തെത്തി. എന്നാല്‍ പി.ആര്‍ ഏജന്‍സി ഉണ്ടോ, ഇല്ലയോ എന്നതിനുമാത്രം വ്യക്തമായ മറുപടിയില്ല. 

പി.ആര്‍ ഏജന്‍സി ഇങ്ങോട്ടു സമീപിച്ച് പറഞ്ഞുറപ്പിച്ച അഭിമുഖം, അഭിമുഖ സമയത്ത് പി.ആര്‍ ഏജന്‍സിയുടെ സിഇഒ ഉള്‍പ്പെട രണ്ടു പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു, വിവാദ മലപ്പുറം പരാമര്‍ശം ഉള്‍പ്പെടുന്ന വരികള്‍ അഭിമുഖത്തില്‍ ചേര്‍ക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതും ഇതേ പി.ആര്‍ ഏജന്‍സി – ഇത്രയുമാണ് ദി ഹിന്ദു പത്രം വിശദീകരണ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.

ഇതോടെ തീര്‍ത്തും കുടുങ്ങിയ അവസ്ഥയിലാണ് മുഖ്യമന്ത്രിയും ഒാഫീസും . മലപ്പുറം കഥയില്‍പുതിയ വില്ലനായി വന്ന പി.ആര്‍.ഏജന്‍സിയെ കുറിച്ചുകൂടി വിശദീകരിക്കേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ മൗനം തന്നെ ഭൂഷണമെന്ന നിലയില്‍ ദിവസം ഒന്നു കഴിയാറായിട്ടും  ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഒാഫീസും ഒരക്ഷരം പറഞ്ഞിട്ടില്ല. ഒരു പി.ആര്‍ ഏജന്‍സിയുടെ ആവശ്യം കേരളത്തിലെ മുഖ്യമന്ത്രിക്കുണ്ടോ എന്ന ചോദ്യവുമായി മന്ത്രിമാരും നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തിക്കഴിഞ്ഞു.

ENGLISH SUMMARY:

The controversial part of the interview was written by the former CPM MLA's son