ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബം. 'അര്‍ജുന്‍' എന്ന വൈകാരികതയെ വിറ്റുജീവിക്കുകയാണ് മനാഫെന്നും കുടുംബത്തെക്കുറിച്ച് അസത്യം പ്രചരിപ്പിച്ച് ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും സഹോദരന്‍ അഭിജിത്തും, അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയും ആരോപിച്ചു. വീട്ടില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം. അര്‍ജുന്‍റെ പേരില്‍ ആരും ഫണ്ട് നല്‍കരുതെന്നും കുടുംബത്തിന് ആ പണത്തിന്‍റെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. കുടുംബം നടത്തിയ വാര്‍ത്താസമ്മേളത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ...
'ഇങ്ങനെയൊരു കൂടിക്കാഴ്ച തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. സംഭവം നടന്ന അന്നുമുതല്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ടുനീങ്ങിയത് കൊണ്ടാണ് അസാധ്യമായൊരു കാര്യം സാധിച്ചെടുക്കാനായത്. ഞങ്ങള്‍ കുറേ പ്രശ്നങ്ങള്‍ നേരിടുന്നു. പല ആളുകളും കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്ത് മറ്റൊരു രീതിയിലേക്ക് പോകുന്നു. പലരും വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നത് കണ്ടു. ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നു. പല യൂട്യൂബ് ചാനലുകള്‍ വഴിയും രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു.
അര്‍ജുന് 75,000 രൂപ ശമ്പളമില്ല
അര്‍ജുന് 75,000 രൂപ ശമ്പളമുണ്ട്, ആ തുക കിട്ടിയിട്ട് പോലും അവന് ജീവിക്കാന്‍ കഴിയുന്നില്ല എന്നാണ് പറയുന്നത്. അത് തികച്ചും തെറ്റാണ്. 75,000 രൂപ ഇന്നേവരെ ഒരു മാസം അവന് കിട്ടിയതായി ഞങ്ങള്‍ക്ക് അറിയില്ല. കേട്ടാലറയ്ക്കുന്ന കമന്‍റുകളാണ് അതിന് താഴെ വന്നത്. അര്‍ജുന്‍റെ പൈസ എടുത്ത് തിന്ന് ജീവിക്കുന്ന സഹോദരിമാര്‍, മരിച്ചത് നന്നായി എന്ന തരത്തിലാണ് കമന്‍റുകള്‍ വന്നത്. ഞങ്ങളുടെ മനസ് തകര്‍ത്ത് തരിപ്പണമാക്കിക്കളഞ്ഞു അതെല്ലാം. ഇതിപ്പൊ പരിധി കഴിഞ്ഞു. ഞങ്ങളെ വിശ്വസിക്കുന്ന കുറച്ചാളുകളോടാണ് ഇത് പറയുന്നത്.
75000 രൂപ സാലറിയുടെ കഥ പറഞ്ഞ് പല രീതിയിലും മനാഫ്ക്കാ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് ഞങ്ങള്‍ കൃത്യമായി അറിഞ്ഞു. ഒരു പൈസ പോലും ഇതുവരെ ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഇനി അങ്ങനെയൊരു ഫണ്ട് ഞങ്ങള്‍ സ്വീകരിക്കുകയുമില്ല. കാരണം അതിന്‍റെ ആവശ്യമില്ല. അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയ്ക്കായാലും മകനായാലും ജീവിക്കാന്‍ വേണ്ട സാഹചര്യം ഇവിടുത്തെ സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. ഏത് ഘട്ടത്തിലും അച്ഛനും അമ്മയും ഞങ്ങളും ഒന്നിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതേരീതിയില്‍ തന്നെ ഈ കുടുംബത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നോക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
വൈകാരികത ചൂഷണം ചെയ്യുന്നു
വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്‍മാറണമെന്നാണ് ഞങ്ങളുടെ ആവശ്യം. അര്‍ജുന്‍റെ കുട്ടിയെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ്ക്ക പറഞ്ഞത് കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തി. എന്ത് അസംബന്ധമായ കാര്യമാണ് അദ്ദേഹം മാധ്യമങ്ങളോട് പുലമ്പുന്നത്. അങ്ങനെയൊരു ആവശ്യം ഞങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ വച്ചോ? ഈ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് പ്രാപ്തിയുണ്ട്. അതിനൊന്നും ഒരു ബുദ്ധിമുട്ടും നിലവില്‍ ഞങ്ങള്‍ക്കില്ല.
അയാള്‍ക്ക് ഒരുപാട് ഫണ്ട് ലഭിക്കുന്നുണ്ട്. ലോറിയുടമ മനാഫ് തന്നെയാണ്. കൂടുതല്‍ വിവാദം ആ വിഷയത്തില്‍ ഉണ്ടാക്കുന്നില്ല. അര്‍ജുന്‍റെ പേരിലുള്ള ഒരു ഫണ്ടും ഞങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കുറേ നല്ല ആളുകള്‍ ഈ പ്രചാരണങ്ങളില്‍ വീണുപോകുന്നുണ്ട്. നോക്കൂ, എല്ലാ സാധാരണ കുടുംബങ്ങളിലും ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. അതല്ലാതെ മറ്റ് കുഴപ്പങ്ങളില്ല. അര്‍ജുന്‍ നഷ്ടപ്പെട്ടു, യാഥാര്‍ഥ്യമാണ്. ആരുടെയും മുന്നിലും പോയി പിച്ച തെണ്ടേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. അത് ഈ വ്യക്തി മനസിലാക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കെല്ലാം ജോലിയുണ്ട്. അര്‍ജുന്‍റെ പൈസയെല്ലാം ഞങ്ങളെടുത്ത് ഉപയോഗിച്ചുവെന്ന തരത്തില്‍ പൊള്ളയായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് കുത്തിനോവിക്കരുത്. ഇതിന്‍മേല്‍ ഇനിയൊരു ക്ലാരിഫിക്കേഷന്‍ കുടുംബത്തിന്‍റെ ഭാഗത്തുനിന്ന് വേണമെന്ന് തോന്നുന്നില്ല.
അയാള്‍ ഞങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞ് ഫണ്ട് സ്വരൂപിക്കുകയാണ്. അര്‍ജുന്‍റെ പേരില്‍ കുറച്ച് പൈസ കിട്ടിയിട്ടുണ്ട്. അത് ഞങ്ങള്‍ ഡിപ്പോസിറ്റ് ചെയ്യാമെന്ന് വിളിച്ചു പറഞ്ഞു. അങ്ങനെയൊരാവശ്യം നിലവില്‍ ഇല്ല. ഈ പൈസയൊക്കെ കിട്ടേണ്ട അര്‍ഹതപ്പെട്ടവരുണ്ട്. അവര്‍ക്ക് കിട്ടട്ടെ. എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ആളുകളെ കബളിപ്പിച്ചുകൊണ്ടാണ് ഫണ്ട് പിരിക്കുന്നത്. ചില ആളുകള്‍ ഇവിടെ പണം കൊണ്ടുവന്ന് തന്നിട്ട് പിന്നീട് അതിന്‍റെ ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലുകള്‍ വഴി കാണിക്കുന്നു. അത് കാണുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന വിഷമം നിങ്ങളൊന്ന് ആലോചിക്കണം. മനാഫും സംഘവും ഇവിടെ എത്തിയിരുന്നു. നിര്‍ബന്ധിച്ച് കുറച്ച് പൈസ തന്നു. അത് ഏത് രീതിയില്‍ നമ്മള്‍ തിരസ്കരിക്കും. മാനസികമായി ബുദ്ധിമുട്ടിലാണ്. എത്രത്തോളം മ്ലേച്ഛമായ കാര്യങ്ങളാണെന്ന് ആലോചിച്ചാല്‍ മതി. രണ്ടായിരം രൂപയാണ് തന്നത്. ഇത് പറയുന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ മാത്രമാണ്.
അര്‍ജുന്‍റെ ബൈക്ക് തിരികെ തരുന്നില്ല
അര്‍ജുന്‍റെ ബൈക്ക് മനാഫിന്‍റെ വീടിനടുത്ത് ഒരു വര്‍ക്‌ഷോപ്പില്‍ നന്നാക്കാന്‍ കൊടുത്തിരുന്നു. അര്‍ജുന്‍ പോകുന്നതിന് മുന്‍പാണ് അത് കൊടുത്തത്. ഇപ്പോള്‍, അര്‍ജുന്‍ ചേട്ടന്‍ ആ വീട്ടില്‍ വച്ചുവെന്ന് പറഞ്ഞ് അത് അവിടെ വച്ചിരിക്കുകയാണ്. പൈസ കൊടുത്ത് നന്നാക്കിയ വണ്ടിയാണ്.
അദ്ദേഹം അദ്ദേഹത്തിന്‍റെയും രീതിയില്‍ മുന്നോട്ടുപൊയ്ക്കോട്ടെ. പക്ഷേ അര്‍ജുന്‍റെയും ഞങ്ങളുടെയും വൈകാരികത ചൂഷണം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ശക്തമായ രീതിയില്‍ പ്രതികരിക്കേണ്ടി വരും. ഈ ഘട്ടങ്ങളിലൊക്കെ അമ്മയുടെ വിഷമത്തെ വരെ ചൂഷണം ചെയ്തു. അമ്മയെ ഫോണില്‍ വിളിച്ച് അത് പ്രചരിപ്പിച്ചു. ഈശ്വര്‍ മാല്‍പെ തിരികെ പോകുന്നതുമായി ബന്ധപ്പെട്ട് അന്ന് വിവാദം ഉണ്ടായിരുന്നു. അമ്മയെ ഫോണ്‍ വിളിച്ച്, ലൈവാണെന്നൊന്നും പറയാതെ നേരെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഫോണ്‍ വയ്ക്കുകയായിരുന്നു.
മനാഫ് ഫോണ്‍ എടുക്കുന്നില്ല, പ്രതികരിക്കുന്നില്ല
എത്ര കോണ്‍ടാക്ട് ചെയ്തിട്ടും മനാഫ്ക്ക റിപ്ലൈ ചെയ്തില്ല. ഏട്ടന്‍റെ പേരും പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രജര്‍ കൊണ്ടുവരുന്നതിന് മനാഫ്ക്ക എതിരായിരുന്നു. അതിന്‍റെ പേരില്‍ സംസാരമുണ്ടായി. ഡ്രജറില്‍ കയറി ഞങ്ങളെ കൊണ്ടുപോയി. വണ്ടി ഇരിക്കുന്ന പോയിന്‍റ് നമുക്ക് കൃത്യമായി അറിയാം. മറ്റ് മൂന്ന് പോയിന്‍റുകളില്‍ തിരച്ചില്‍ നടത്തും. ഈ വിവരങ്ങള്‍ പുറത്തു പറയാന്‍ പാടില്ല എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. നമ്മുടെ യഥാര്‍ഥ പോയിന്‍റ് എവിടെയാണെന്ന് അധികൃതര്‍ വ്യക്തമായി പറഞ്ഞു തന്നു. മൂന്നാംഘട്ട തിരച്ചിലില്‍ അവിടുത്തെ ഭരണകൂടം കാര്യക്ഷമമായിരുന്നു.
പരാതി നല്‍കാന്‍ കര്‍വാര്‍ എസ്.പി പറഞ്ഞതാണ്...
ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ഡ്രജര്‍ അവിടെ എത്തിച്ചത്. ‘മനാഫിനെതിരെ പരാതി എഴുതിനല്‍കൂ, അഞ്ചുമിനിറ്റ് കൊണ്ട് ഇവിടെ നിന്ന് തുരത്താം’. കാര്‍വാര്‍ എസ്പിയും എംഎല്‍എയും പറഞ്ഞതാണ്. അദ്ദേഹം തിരച്ചില്‍ വഴി തിരിച്ച് വിടുന്നുവെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളത് ചെയ്തില്ല. മനാഫ്ക്ക മാല്‍പെയ്ക്കൊപ്പം വിഡിയോ എടുത്ത് അതിന് റീച്ചുണ്ടാക്കുകയായിരുന്നു.
25ന് രാവിലെ തന്നെ ഡൈവ് ഇന്‍ ചെയ്ത് രണ്ടിഞ്ചോളം മണ്ണ് കൈ കൊണ്ട് നീക്കിയിട്ടാണ് വണ്ടി കണ്ടത്. തുടര്‍ന്ന് റോപ്പിട്ട് കെട്ടി. അര മണിക്കൂറിനകം എനിക്ക് വിവരം ലഭിച്ചു. ഇത് അര്‍ജുന്‍ സഞ്ചരിച്ച വാഹനമാണെന്നും അതിലാണ് റോപ്പ് കെട്ടിയിരിക്കുന്നതെന്നും ഔദ്യോഗികമായി ഞങ്ങളെ അറിയിച്ചു. പക്ഷേ മാധ്യമങ്ങളോട് പറയാന്‍ അനുമതി ഉണ്ടായിരുന്നില്ല. അന്ന് രണ്ട് മണിയാകുമ്പോഴാണ് വാഹനം ഉയര്‍ത്തുന്നതും പൊതുസമൂഹം ഇത് അര്‍ജുന്‍റെ വാഹനമാണെന്നും ഉള്ളില്‍ അര്‍ജുനുണ്ടെന്നും അറിയുന്നത്. ഞങ്ങളെല്ലാം അങ്ങേയറ്റം വിഷമത്തിലായിരുന്നു. അഭിജിത്തിനെ സംബന്ധിച്ച് അവനെ എടുത്ത് വളര്‍ത്തിയ ഏട്ടനാണ്. അര്‍ജുന്‍ എനിക്കെന്‍റെ അളിയന്‍ മാത്രമായിരുന്നില്ല. ഇവര്‍ക്കെല്ലാവര്‍ക്കുമറിയാം, ഞങ്ങളെങ്ങനെയായിരുന്നുവെന്ന്. ഞങ്ങള്‍ കരഞ്ഞ് തളര്‍ന്നിരിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുണ്ട്. ഈ സമയത്താണ് ഗംഗാവലി പുഴയില്‍ അങ്ങനെ അര്‍ജുനെ ഇട്ടേച്ച് പോകാന്‍ ഞാനില്ലെന്ന് പുള്ളി ഒരു ഡയലോഗ് അടിച്ചത്. അത് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു. അതിന്‍റെ കൂടെയാണ് പിന്നീടുള്ള കാര്യങ്ങളൊക്കെ ഉണ്ടായത്. ഇതില്‍ യഥാര്‍ഥമായി നമുക്ക് സഹായം ചെയ്ത് തന്നെ കുറച്ച് പേരുണ്ട്. എംപി രാഘവേട്ടനും നമ്മുടെ മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയന്‍, സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആളുകളുണ്ട്.
ഒന്ന് നിര്‍ത്തിക്കൂടേയെന്ന് ചോദിച്ചു..
ഒരുപാട് സഹായത്തിന്‍റെ പ്രവാഹമാണ്. ഈ ഫണ്ടൊക്കെ ഞങ്ങള്‍ വാങ്ങി വയ്ക്കണോ. മനാഫ്ക്കയോട് കാലുപിടിച്ച് പറഞ്ഞു. പക്ഷേ നിര്‍ത്തുന്നില്ല. ഒരു കൊല്ലവും മൂന്ന് മാസവും മാത്രമേ അര്‍ജുന്‍ മനാഫിനൊപ്പം ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആയിട്ടുള്ളൂ. മൂന്ന് വര്‍ഷമായെന്നാണ് എല്ലാവരോടും പറയുന്നത്. ഞങ്ങളുടെ എല്ലാവരുടെയും പഠിത്തം കഴിഞ്ഞിട്ട് മൂന്നുനാല് വര്‍ഷമായി. പക്ഷേ സെന്‍റിമെന്‍റ്സിന് വേണ്ടി കള്ളത്തരം പറയുകയാണ്. ആ സെന്‍റിമെന്‍റ്സിന്‍റെ മുകളില്‍ കയറി ജീവിക്കുകയാണ്. അദ്ദേഹം ജീവിക്കുന്നതെല്ലാം അദ്ദേഹത്തിന്‍റെ കാര്യം. പക്ഷേ കുടുംബത്തെ ഉപയോഗിച്ച് വൈകാരികത സൃഷ്ടിക്കരുത്. അല്ലെങ്കില്‍ നിയമപരമായി നേരിടും. മൂന്ന് ദിവസമായി മനാഫിനെ നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. അറിയാത്ത ഏത് നമ്പറില്‍ നിന്ന് കോള് വന്നാലും സ്പീക്കറിലിട്ട് സെന്‍റിമെന്‍റ്സ് ഓഡിയോ ആക്കി നന്ദി പറയുന്നരീതിയിലാക്കുകയാണ്.
മനാഫ്ക്കയുടെ കാര്യമെന്തായിരുന്നു? അര്‍ജുനെ കിട്ടുക, ആ ലോറി കിട്ടുക എന്നത്. കുടുംബത്തെ മറ്റുള്ളവരുടെ മുന്നില്‍ വ്യക്തിഹത്യ ചെയ്യരുത്. പലഫണ്ടുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതൊന്നും ഞങ്ങളുടെ അറിവോടെയല്ല. അതിന്‍റെ തെളിവുകളുണ്ട്. ആര് പണം തരികയാണെങ്കിലും നമ്മളോട് ചോദിക്കേണ്ടെ? പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. മനാഫിന് പണം കൊടുക്കരുത്.
ഞങ്ങള്‍ക്കും ജോലിക്ക് പോയി ജീവിക്കണം
ഞങ്ങള്‍ ജോലിക്ക് പോയി ജീവിക്കേണ്ട ആള്‍ക്കാരാണ്. അച്ഛന്‍ പശുവിനെ വളര്‍ത്തിയാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ ഞങ്ങളെ പരിഹാസ്യ കഥാപാത്രങ്ങളാക്കരുത്. ഇനി ഫണ്ട് സ്വീകരിക്കുകയോ, കുടുംബത്തെ അവഹേളിക്കുകയോ ചെയ്യരുത്. ചെയ്താല്‍ നിയമപരമായി മുന്നോട്ട് പോകും. ഇതൊരു പിആര്‍ വര്‍ക്ക് പോലെയാണ് മുന്നോട്ട് പോകുന്നത്. ആദ്യഘട്ടത്തില്‍ അങ്ങനെ അല്ലായിരുന്നു. രണ്ടാംഘട്ടത്തില്‍ യൂട്യൂബ് ചാനലുമായി അദ്ദേഹം മുന്നോട്ട് വന്നു. മൂന്നാംഘട്ടത്തില്‍ അനാവശ്യ ഇടപെടലുകളാണ് നടത്തിയത്. അവിടുത്തെ ഭരണകൂടത്തിനും ഇക്കാര്യം മനസിലായി. തിരച്ചില്‍ നടത്താന്‍ അനുവദിക്കാത്ത രീതിയില്‍ വരെ പ്രവര്‍ത്തിച്ചു. ഞങ്ങള്‍ സാധാരണക്കാരാണ്. ലോറിയുടെ ആര്‍സി ഓണര്‍ മുബീനാണ്. അര്‍ജുന് വേണ്ടി ആത്മാര്‍ഥമായി കൂടെ നിന്നത് മുബീനാണ്. അദ്ദേഹത്തോടുള്ള കടപ്പാട് കൊണ്ടാണ് മനാഫ്ക്കയ്ക്കെതിരെ ഒന്നും പറയാതിരുന്നത്. മുക്കത്ത് മനാഫിന് സ്വീകരണം ഒരുക്കുന്നുണ്ട്. മനാഫിന്‍റെ പക്കല്‍ ഫണ്ട് കൊടുക്കുന്നുണ്ട്, അത് സ്വീകരിക്കണം എന്നു പറഞ്ഞു. എന്നാല്‍ അത് സ്വീകരിക്കില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നുമാണ് താന്‍ പറഞ്ഞത്–ജിതിന്‍ പറയുന്നു.
മീഡിയയ്ക്ക് മുന്നില്‍ വന്ന് അദ്ദേഹം എപ്പോഴും കുടുംബത്തിനൊപ്പമുണ്ട് എന്ന് പറയും, പക്ഷേ നേരിട്ട് വിളിച്ച് ഒപ്പമുണ്ടെന്ന് ഒരു വാക്ക് പറഞ്ഞിട്ടില്ലെന്നും അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയും പറഞ്ഞു. മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ പേരിടരുത്. ഞങ്ങളുടെ കുടുംബത്തിലുള്ള കാര്യം അയാള്‍ എങ്ങനെ തീരുമാനിക്കുമെന്നും ജിതിന്‍ ചോദ്യമുയര്‍ത്തുന്നു.
സെന്‍റോഫ് നടത്തി ആഘോഷിച്ചു
27ന് സന്ധ്യയ്ക്ക് മനാഫ് ഒരാളെ കൊണ്ടുവന്നിട്ട്, 'രണ്ടര മാസത്തെ സെന്‍റോഫ് കൊടുത്തിട്ട് വിടുകയാണ്. നാളെ അര്‍ജുന്‍ വന്നിട്ടേ ഇവിടെ നിന്ന് പോകുകയുള്ളൂ’ എന്ന് പറഞ്ഞുവെന്ന് അര്‍ജുന്‍റെ അമ്മയും വെളിപ്പെടുത്തി. 'ഞങ്ങള്‍ ഇത്രയും സങ്കടത്തിലിരിക്കുമ്പോള്‍ പറഞ്ഞതാണ്. അയാള്‍ സെന്‍റോഫ് നടത്തി ആഘോഷിച്ചു. എങ്ങനെയൊക്കെ പറഞ്ഞിട്ടും മനാഫ്ക്ക നിര്‍ത്തുന്നില്ല. ഏത് തരത്തിലുള്ള അവസ്ഥയും വൈകാരികമായി ചൂഷണം ചെയ്യുകയാണ് അദ്ദേഹം. ഇന്ന് കൃഷ്ണപ്രിയ വിളിച്ചിട്ടുപോലും ഫോണ്‍ എടുത്തിട്ടില്ലെന്നും അഭിജിത്തും ജിതിനും പറയുന്നു.