ഉറ്റവരെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്തബാധിതയായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ കഴിഞ്ഞമാസമാണ് വാഹനാപകടത്തില്‍ മരിച്ചത്. തനിക്ക് സർക്കാർ ജോലി നൽകുമെന്നറിഞ്ഞതിൽ സന്തോഷമെന്ന് ശ്രുതി. സന്തോഷം കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമേയുള്ളു. വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും ശ്രുതി പറഞ്ഞു.

‘ഇത് കാണാന്‍ ജെന്‍സണ്‍ ഇല്ലാത്തതിന്‍റെ വേദന മാത്രമാണുള്ളത്’

ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛന്‍ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ പത്തിനായിരുന്നു ശ്രുതിയും പ്രതിശ്രുതവരന്‍ ജെന്‍സണും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകും.

മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. വനിതാ ശിശു വികസന വകുപ്പാണ് പണം നൽകുക.പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽ സ്റ്റോൺ എസ്റ്റേറ്റ് എന്നിവയാണവ. ഇവിടെയാണ് ടൗൺഷിപ്പ് നിർമിക്കുക. ദുരന്തനിവാരണ നിയമം പ്രകാരം ഭൂമി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Government offers job for Sruthy who lost relatives in Wayanad landslide