പി ആര്‍ ഏജന്‍സിയുടെ ഇടനിലയില്ലെന്നും  ദ് ഹിന്ദു ആവശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖം ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്‍റെ മകനാണ് ‘ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുത്തുകൂടേ..’ എന്ന് ചോദിച്ചു.  ദ് ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുക്കുന്നതില്‍ വേറെ പ്രശ്നമൊന്നുമില്ല. അത്  തനിക്കും താല്‍പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന്  പറഞ്ഞു. സമയം എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ സമയം വളരെ കുറവാണ്, കമ്മിറ്റി മീറ്റിങ് ഒക്കെയാണല്ലോ, അതിനിടയ്ക്കുള്ള ഒരു സമയം  അറിയിക്കാമെന്ന് പറഞ്ഞു. അങ്ങിനെയാണ്  ദ് ഹിന്ദുവിന്‍റെ  പ്രതിനിധികള്‍ അഭിമുഖത്തിനെത്തിയത്. 

Read Also : സര്‍ക്കാരിന് പി.ആര്‍. ഏജന്‍സിയില്ല; ഇതിനായി ആര്‍ക്കും പണം നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ഹിന്ദുവിന്‍റെ പ്രതിനിധികളായി രണ്ടുപേരാണ് ആദ്യം എത്തിയത് . അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നാമതൊരാള്‍കൂടി വന്നു. ആ വന്നത്  ദ് ഹിന്ദുവിന്‍റെ സംഘത്തിനൊപ്പമുള്ളയാളാണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ.കേരള ഹൗസില്‍ ഇരിക്കുന്ന സമയത്താണ് അത് നടക്കുന്നത്. പിന്നെയാണ് പറയുന്നത് അത് ഏതോ ഏജന്‍സിയുടെ ആളാണെന്ന്. തനിക്ക് അത്തരമൊരു ഏജന്‍സിയെ അറിയില്ല, ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല. വന്നയാളെയും അറിയില്ല.

പക്ഷേ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ പറയാത്ത ഭാഗം ഉണ്ടായി. അഭിമുഖത്തില്‍  ഏതെങ്കിലും ഒരു ഭാഗം കിട്ടിയാല്‍ അത് ഞാന്‍ പറഞ്ഞതായി കൊടുക്കാന്‍ പാടുണ്ടോ?   പറയുകയല്ലേ.  പറയുന്ന കാര്യങ്ങള്‍  എഴുതുക മാത്രമല്ലല്ലോ, ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നുമുണ്ടല്ലോ. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരുന്നില്ല. ആകെ ഉത്തരം പറയാതിരുന്നത് ഒരു കാര്യത്തില്‍ മാത്രമേയുള്ളു. അത്  അന്‍വറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ്.  ഉത്തരം പറയാന്‍ വിഷമിച്ചതുകൊണ്ടല്ല, ദീര്‍ഘമായി പറയേണ്ട കാര്യമായതുകൊണ്ടാണ് ഉത്തരം പറയാത്തത്. 

അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍  ഉള്‍പ്പെടുത്തിയ ഭാഗം  ഇടയ്ക്കു വന്ന  ചെറുപ്പക്കാരന്‍റെ അടുത്തു നിന്ന് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട കാര്യമാണ്.  ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ കൃത്യമായി ഉത്തരം പറഞ്ഞതാണ്. ഏതെങ്കിലും ഒരു ജില്ലയേയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി താന്‍ പൊതുപ്രവര്‍ത്തന രംഗത്ത് സ്വീകരിച്ചതായി  ആര്‍ക്കെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടോ ?. . പക്ഷേ അവര്‍ക്ക് അത്തരത്തിലുള്ള ഒരു കാര്യം എന്‍റേതായ  എങ്ങനെ കൊടുക്കാന്‍ കഴിഞ്ഞു എന്നത് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്. അതില്‍ പിന്നീട് അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഇതില്‍ കാണേണ്ടത്  സര്‍ക്കാരോ താനോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസ പോലും   പി.ആര്‍. ഏജന്‍സിക്കുവേണ്ടി  ചെലവഴിച്ചിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിലകത്താണെങ്കിലും പുറത്താണെങ്കിലും ശക്തമായ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഏര്‍പ്പെടുത്തിട്ടുള്ളത് . ദ് ഹിന്ദുവിന്‍റെ മാധ്യമപ്രവര്‍ത്തര്‍ക്കാണ് കേരളാ ഹൗസില്‍ അഭിമുഖത്തിന് അവസരം നല്‍കിയത് .  അഭിമുഖം നടക്കുമ്പോള്‍ തിരിച്ചറിയാത്ത  മുന്നാമതൊള്‍ അവിടെ കടന്നുവന്നിരുന്നു .ഇയാള്‍ ഹിന്ദുവിന്‍റെ ആളാകുമെന്ന് ധരിച്ചെന്നാണ് വിശദീകരണം . ഇടനിലക്കാരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷയ്ക്കിടയിലും അഭിമുഖം നടക്കുന്നടത്ത് വന്നിരുന്നയാളാരെന്നത് പ്രധാനമാണ്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവരാരും അറിയാതെയാണോ ഇങ്ങനെയൊരാള്‍ വന്നതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ENGLISH SUMMARY:

Malappuram remarks not mine, no PR agency involved: Pinarayi Vijayan