arjun-manf

'നമ്മള്‍ വാപ്പയുടെ ബിസിനസാണ് ഏറ്റെടുത്തത്. മൊത്തം പ്രോപ്പര്‍ട്ടി നാലുമക്കള്‍ക്കുള്ളതാണ്. അതൊന്നും ഞങ്ങള്‍ വീതംവച്ചിട്ടില്ല. ഞാനാണ് നിലവില്‍ കുടുംബനാഥന്‍. എനിക്ക് എന്‍റേതായ കടമകളുണ്ട്, മുബീന് അവന്‍റേതായ കടമകളുണ്ട്. ആ കടമകളാണ് ഈ കാര്യത്തില്‍ ചെയ്തത്. വാഹനങ്ങളൊക്കെ വാങ്ങുന്നത് മുബീന്‍റെ പേരിലാണ്. കാരണം വാഹനങ്ങള്‍ക്ക് എന്തെങ്കിലും അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ അവനാണ് യാത്ര ചെയ്യാന്‍ സാധിക്കുക. എനിക്ക് അക്കാര്യത്തില്‍ കുറച്ച് പിന്നോട്ടാണ്. അതുകൊണ്ടാണ് വാഹനങ്ങള്‍ അവന്‍റെ പേരില്‍ വാങ്ങുന്നത്. ഇതൊക്കെ ഞങ്ങളുടെ ഫാമിലി ബിസിനസാണ്. അതിനെ വേറൊരു തരത്തിലേക്ക് തിരിച്ചുപറഞ്ഞിട്ട് കാര്യമില്ല. കാരണം ഞങ്ങളുടെ കുടുംബം ഒറ്റക്കെട്ടാണ്. അര്‍ജുന്‍റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ച് സംസാരിക്കുകയായിരുന്നു ലോറി ഉടമ മനാഫ്.

'പണപ്പിരിവ് നടത്തിയെന്നാണ് മറ്റൊരു ആരോപണം. ഞാന്‍ ഒരു പണപ്പിരിവും നടത്തിയിട്ടില്ല. അഞ്ചുപൈസ ആരോടും വാങ്ങിയിട്ടില്ല. ഞങ്ങളുടെ സ്വത്തും മുതലും വിറ്റിട്ടാണ് കാര്യങ്ങളൊക്കെ ചെയ്തത്. ആരോടെങ്കിലും ഒരു രൂപ വാങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞതുപോലെ മാനാഞ്ചിറ മൈതാനത്തുവന്നു നില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞുകൊല്ലാം. അങ്ങനെയൊരു വാപ്പയുടെ മക്കളല്ല ഞങ്ങള്‍. ആരുടെ അടുത്തും കൈ നീട്ടേണ്ട ഒരാവശ്യവും സാമ്പത്തികമായി ഇപ്പോള്‍ ഇല്ല. അവര്‍ അന്വേഷിച്ചോട്ടെ അക്കൗണ്ട് നമ്പറടക്കം നല്‍കാം. എന്തെങ്കിലും പണം അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എന്ത് നിയമനടപടിയും സ്വീകരിക്കാം.

 മുക്കത്ത് ഒരു സ്കൂളില്‍ ഒരു ചടങ്ങുണ്ടായിരുന്നു. അതിന്‍റെ സംഘാടകര്‍ മുന്‍കൂട്ടി എന്നെ വിളിച്ചുപറഞ്ഞു, മനാഫിന് ഒരു തുക തരുന്നുണ്ടെന്ന്. എനിക്കാണ് പണം തരുന്നതെന്ന് പറഞ്ഞപ്പോള്‍, അത് വാങ്ങില്ലെന്ന് മറുപടി നല്‍കി. അല്ല, മാനേജ്മെന്‍റ് തീരുമാനിച്ചതാണെന്ന് അവര്‍ മറുപടി നല്‍കി. അഥവാ വാങ്ങുകയാണെങ്കില്‍ അര്‍ജുന്‍റെ മകന് കൊടുക്കാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അത് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്ന് അവര്‍ വ്യക്തമാക്കി. കുട്ടിയ്ക്ക് ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. എന്തിനാണ് അക്കൗണ്ട് നമ്പര്‍ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ചില സംഘടനകള്‍ വിളിക്കുമ്പോള്‍ പോകാതിരിക്കാന്‍ പറ്റില്ല, ഞാന്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്. ഇതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം കൊടുക്കാന്‍ ആഗ്രഹിക്കുന്ന ആളുമാണ്. അങ്ങനെ എവിടെങ്കിലും പോയി ആരെങ്കിലും പണം തന്നാല്‍ അത് കുട്ടിയുടെ പേരില്‍ ഇടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് വലിയ തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കുക.  മുക്കത്ത് പരിപാടിക്ക് പോയിരുന്നു. ആ പണം വാങ്ങിയിട്ടുമില്ല.

മുക്കത്തെ സംഘാടകര്‍ എനിക്ക് ആദരപൂര്‍വം ഒരു സംഭാവന നല്‍കാം എന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഒരു പൈസ പോലും ഞാന്‍ പിരിച്ചിട്ടില്ല. തന്ന പണം പോലും വാങ്ങിയിട്ടില്ല. അവന്‍റെ പേരില്‍ പണം ഇട്ടാല്‍ ഭാവിയില്‍ അത് ഗുണമാവില്ലേ. ഇപ്പോള്‍ കിട്ടുന്നതല്ലേ ഉള്ളു എന്നുവിചാരിച്ചാണ് ചെയ്തുപോയത്. അവന് എന്തെങ്കിലും കിട്ടുകയാണെങ്കില്‍ ഇപ്പോഴല്ലേ കിട്ടുള്ളു. ഇതിനൊരു എക്സ്പയറി ടൈം ഉണ്ടല്ലോ. പിന്നെ ആളുകള്‍ മറ്റുവിഷയങ്ങളിലേക്ക് പോകുമല്ലോ. ഞാന്‍ അത്രമാത്രമേ ഉദ്ദേശിച്ചുള്ളു. അവന്‍റെ ഭാവിയില്‍ അത് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമെന്ന് വിചാരിച്ച് ചെയ്തുപോയതാണ്. അതിന്‍റെ പേരില്‍ അവര്‍ക്ക് വേദനയുണ്ടായെങ്കില്‍ ഞാന്‍ മാപ്പുപറയുന്നു.

ഈ കുടുംബത്തിന്‍റെ ഭാഗമാണ് അര്‍ജുന്‍റെ ഫാമിലി എന്ന് വിശ്വസിക്കുന്ന ആളുകളാണ് ഞങ്ങള്‍.'