അര്‍ജുനെ കണ്ടെത്തിയതിന് ശേഷം യുട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. ഇന്നലെ 10,000 സബ്സ്ക്രൈബേഴ്സ് ആയിരുന്നത് ഇന്ന് രണ്ടരലക്ഷമായി. ഇനി ഉപയോഗിക്കേണ്ടെന്ന് കരുതിയ യുട്യൂബ് ചാനല്‍ ഇനി തുടരുമെന്നും മനാഫ് പറഞ്ഞു. ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചാണ് മനാഫ് കാര്യങ്ങള്‍ വിശദീകരിച്ചത്. മനാഫ് പറഞ്ഞത്:

യൂട്യൂബ് ചാനലില്‍ അവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അര്‍ജുന്‍റെ ഫോട്ടോ വച്ചു എന്നുള്ളതാണ്. അ‍ത് ഞാന്‍ മാറ്റി. അക്കാര്യം ഇനി പറയേണ്ട ആവശ്യമില്ല. അര്‍ജുന്‍റെ വിഷയം ഇത്ര വലിയ നിലയില്‍ കൊണ്ടുവന്നതും ജനശ്രദ്ധയിലേക്ക് എത്തിച്ചതും മാധ്യമപ്രവര്‍ത്തകരാണ്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും അര്‍ജുനെ തിരികെ വീട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നില്ല. മനാഫ് ചെയ്തതിനേക്കാള്‍ ജോലി ചെയ്തത് മാധ്യമപ്രവര്‍ത്തകരാണ്. അവരില്‍ ഓരോരുത്തരെയും എനിക്കറിയാം. എത്രമാത്രം അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അറിയാം. ഞാന്‍ പോലും ഒരു ഘട്ടത്തില്‍ വിചാരിച്ചു, ഞാന്‍ നിലകൊള്ളുന്നത് എന്‍റെ ജോലിക്കാരനുവേണ്ടിയാണ്. ഈ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി അതല്ല. അവരില്‍ പലരുടെയും ആരോഗ്യസ്ഥിതി അത്ര മോശമായിരുന്നു. 

മൂന്നുഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിന്നുപോയിരുന്നു. ഈ ഘട്ടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാത്ത സമയത്ത് അവര്‍ തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍. എന്തെങ്കിലും പുതിയ വിവരം വന്നാല്‍ അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. ഞാന്‍ പലപ്പോഴും അവിടെ ഏകനായിരുന്നു. എനിക്ക് ജനങ്ങളോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അതില്‍ ഇടാം എന്നൊരു തോന്നലും ഉണ്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണ്, അപ്പോള്‍ എനിക്ക് ഒരു യൂട്യൂബ് ചാനലുണ്ടെങ്കില്‍ ഒരു സുരക്ഷിത ബോധം ഉണ്ടാകും എന്നൊരു തോന്നലും വന്നു. എന്തെങ്കിലും സംഭവിച്ചാല്‍പെട്ടെന്ന് അറിയിക്കാമല്ലോ. 

ടിവി ചാനലുകളില്‍ എപ്പോഴും എന്നെക്കുറിച്ച് പറഞ്ഞിരുന്നത് ലോറിയുടമ മനാഫ് എന്നാണ്. അതുകൊണ്ടാണ് യൂട്യൂബ് ചാനലിന് ആ പേരിട്ടത്. എനിക്ക് സ്വന്തം ചാനലിന് ഇഷ്ടമുള്ള പേരിടാം. പക്ഷേ ഈ ചാനലിന് അങ്ങനെ പേരുവന്നതിലെ വസ്തുത ഇതാണ്. യൂട്യൂബില്‍ എങ്ങനെയാണ് ലൈവ് ഇടുക എന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് എനിക്ക് പഠിപ്പിച്ചുതന്നത്. ഞാന്‍ എന്റെ മനസ് താളംതെറ്റി നില്‍ക്കുന്ന സമയമാണ്. അപ്പോള്‍ ആരോടെങ്കിലും ഒന്ന് സംസാരിക്കുമ്പോള്‍ എനിക്ക് ഒരു ആശ്വാസം കിട്ടിയിരുന്നു. ഞാന്‍ ഇന്നുവരെ ആ ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇന്നലെ വരെ പതിനായിരം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടരലക്ഷത്തിന് മുകളിലായി. അതായത് ജനങ്ങള്‍ ഇത് വേറെ ഏതോ ലെവലിലേക്ക് കൊണ്ടുപോകുകയാണ്. ഞാന്‍ അര്‍ജുനെ ഇവിടെ എത്തിച്ചശേഷം ആ യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടേയില്ല. അതിനര്‍ഥം ഇനി ഉപയോഗിക്കില്ല എന്നല്ല.  ആദ്യം അങ്ങനെയാണ് ഉദ്ദേശിച്ചിരുന്നത്. മറ്റേതെങ്കിലും യൂട്യൂബര്‍ അതുപയോഗിച്ച് അതില്‍ നിന്ന് ലഭിക്കുന്ന പണം ചാരിറ്റിക്ക് ഉപയോഗിച്ചോട്ടെ എന്നായിരുന്നു കരുതിയത്. യൂട്യൂബ് ചാനലില്‍ത്തന്നെ അക്കാര്യം പറഞ്ഞിരുന്നു.

കോഴിക്കോട് സൗജന്യമായി ഉച്ചഭക്ഷണം കൊടുക്കുന്ന ഒരു കന്‍റീന്‍ തുടങ്ങണമെന്നത് എന്‍റെ ഒരു ആഗ്രഹമായിരുന്നു. ഉച്ചയ്ക്ക് വിശന്നിരിക്കുന്ന ആളുകള്‍ക്ക് പണമില്ലെങ്കില്‍ വന്ന് ഭക്ഷണം കഴിക്കാനുള്ള ഒരിടം. അത് ഞാന്‍ ആ ചാനലില്‍ത്തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ എന്തുകിട്ടും എന്ന് എനിക്ക് അറിയുകപോലുമില്ല. 

പൊലീസിന് പരാതി കൊടുക്കുന്നതൊക്കെ അവരുടെ ഇഷ്ടം. നമ്മുടെ ഭാഗം വ്യക്തമാക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഒരു വിവാദത്തിനും താല്‍പര്യമില്ല. അര്‍ജുന്‍റെ വിഷയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് യൂട്യൂബ് തുടങ്ങിയത്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള മലയാളികള്‍ ആവശ്യപ്പെട്ടിരുന്നു. മറന്നുപോകാന്‍ വളരെ എളുപ്പമാണ്. മറന്നുപോയ ആളുകളെ നിരന്തരം ഓര്‍മിപ്പിച്ചാണ് ഞാന്‍ ഇത് മൂന്നാംഘട്ടം വരെ എത്തിച്ചത്. അതിനുപയോഗിച്ച മാധ്യമമായിരുന്നു ഈ യൂട്യൂബ് ചാനല്‍.

അര്‍ജുന്‍റെ കുടുംബത്തെ ഇക്കാര്യമൊന്നും അറിയിക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. അര്‍ജുന്റെ പേരില്‍ വണ്ടി റജിസ്റ്റര്‍ ചെയ്യുന്നതുപോലെയൊന്നുമല്ലല്ലോ ഇത്. ഞാന്‍ എടുത്ത ചില കാര്യങ്ങളൊന്നും അവരുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഇപ്പോള്‍ എന്നോട് ചര്‍ച്ച ചെയ്തിട്ടാണോ ഈ കാര്യങ്ങളിലേക്കൊക്കെ പോയത്? ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്തില്ലെന്ന് അവര്‍ പറയുന്നതുപോലെ അവര്‍ എന്നോടും അങ്ങനെ കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. ഇതൊക്കെ പറഞ്ഞ് വീണ്ടും തര്‍ക്കത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇതൊക്കെ നിസാരമായ കാര്യങ്ങളാണ്. എന്തൊക്കെയോ ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ ഇത്രയും മനോഹരമായ ഒരു പ്രവര്‍ത്തിയെ എല്ലാവരും ചേര്‍ന്ന നശിപ്പിക്കുകയാണ്. ആരുടെ ഭാഗത്താണ് തെറ്റെങ്കിലും അത് മലയാളികള്‍ക്ക് മൊത്തം മാനക്കേടുണ്ടാക്കുന്ന കാര്യമാണ്. 

‍ഞാനും മാല്‍പ്പെയുമായി നാടകം കളിച്ചതാണെന്നാണ് മറ്റൊരാരോപണം. ഇത് മുഴുവന്‍ തുറന്ന പുസ്തകം പോലെയുള്ള കാര്യങ്ങളാണ്. എന്‍റെ കണ്ണീരും നാടകമാണെങ്കില്‍ ആയിക്കോട്ടെ. മൂന്നാംഘട്ടത്തിലാണല്ലോ കരഞ്ഞത്. മൃതദേഹം കിട്ടിക്കഴിഞ്ഞപ്പോള്‍ വികാരംകൊണ്ടുപോകും. 72 ദിവസം എന്നുപറയുന്നത് എന്നെ സംബന്ധിച്ചിടത്തോളവും എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളവും 72 കൊല്ലത്തെ പ്രയത്നമായിപ്പോയി. ആ സമയത്ത് ആരായാലും വൈകാരികമായി പെരുമാറും. ചിലയാളുകള്‍ക്ക് അതെല്ലാം നാടകമായി തോന്നും. അതിലൊന്നും കാര്യമില്ല.

ENGLISH SUMMARY:

Lorry owner Manaf about his youtube channel