നിയമസഭയില്‍ ഇനി പി.വി.അന്‍വറിന്റെ ഇരിപ്പിടം ഭരണ–പ്രതിപക്ഷകക്ഷികള്‍ക്ക് മധ്യേ. ഭരണപക്ഷത്ത് നിന്ന് അന്‍വറിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിന് കത്തുനല്‍കി.  അന്‍വറിന് ഏതായാലും തറയില്‍ ഇരിക്കേണ്ടിവരില്ലെന്നും ഇരുനൂറ്റിയന്‍പതിലേറെ സീറ്റുകളുണ്ടെന്നും സ്പീക്കര്‍. നാളെ നിയമസഭാ സമ്മേളനം തുടങ്ങും. പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിട്ടില്ല. ട്രഷറി ബഞ്ചില്‍ നിന്ന് മാറ്റണമെന്ന് എല്‍ഡിഎഫ് നിയമസഭാകക്ഷിനേതൃത്വം ആവശ്യപ്പെട്ടതോടെ ഭരണ–പ്രതിപക്ഷകക്ഷികള്‍ക്ക് മധ്യേയാകും ഇനി അദ്ദേഹത്തിന്റെ ഇരിപ്പിടം. 

എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു പി.വി.അൻവർ ഉന്നയിച്ചത്. എന്നാൽ അജിത് കുമാറിനെയും പി.ശശിയെയും മുഖ്യമന്ത്രി ചേർത്തുപിടിച്ചതോടെ മുഖ്യമന്ത്രിക്ക് എതിരെയും പാർട്ടിക്ക് എതിരെയും രൂക്ഷവിമർശനവുമായി അൻവർ കടുപ്പിച്ചു. പിന്നാലെ നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ അൻവറുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നു സിപിഎമ്മും വ്യക്തമാക്കിയിരുന്നു.

എഡിജിപി–ആര്‍എസ്.എസ് കൂടിക്കാഴ്ച, പൂരംകലക്കല്‍,പി. ശശിക്കെതിരായ ആരോപണങ്ങള്‍ തുടങ്ങി 49 ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം മുള്ള ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പ്രതിപക്ഷനേതാവിന്റെ പരാതിലഭിച്ചിട്ടുണ്ട്. എന്നാലിത് മനഃപൂര്‍വമല്ലെന്ന് സ്പീക്കര്‍. ഒന്‍പതുദിവസം ചേരുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍  6 ബില്ലകളാണ് ചര്‍ച്ചക്കെടുക്കുക.

ENGLISH SUMMARY:

The seat of PV Anwar has been changed in the assembly