പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.വി അന്‍വറിന് എം.എല്‍.എ സ്ഥാനം നഷ്ടമായേക്കും. സ്വതന്ത്രനായി ജയിച്ചയാള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കാമെന്നാണ് നിയമം. പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്.
ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി.വി അന്‍വര്‍ പറഞ്ഞിരിക്കുന്നത്. സ്വതന്ത്രനാണെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അന്‍വറിന് കഴിയുമോ? നിയമത്തില്‍ എന്താണ് പറയുന്നത്? എന്ന ചോദ്യങ്ങള്‍ സജീവമാണ്. നിയമസഭ പാര്‍ലമെന്‍റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നത്, ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ്. അതില്‍ പറയുന്നതിങ്ങനെ. 'ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും, തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും.'
ഇതനുസരിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി.വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എം.എല്‍.എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം. സ്പീക്കര്‍ അന്‍വറില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കി സ്പീക്കര്‍ക്ക് ഉത്തരവിടാം. കോണ്‍ഗ്രസ് നേതാവ് എം.എ വാഹിദ് 2001ല്‍ ജയിച്ചത് സ്വതന്ത്രനായിട്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എല്‍.ഡി.എഫ് സ്പീക്കര്‍ക്ക് പരാതി നല്‍കി. എന്നാല്‍ വാഹിദ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. അതിനാല്‍ അയോഗ്യതയില്‍ നിന്ന് രക്ഷപ്പെട്ടു.