adgp-ajith-kumar-excluded-f

എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ശബരിമല അവലോകനയോഗത്തില്‍ നിന്ന് ഒഴിവാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പങ്കെടുക്കേണ്ട യോഗത്തില്‍ നിന്ന് ഒഴിവാക്കിയത് നടപടിക്ക് മുന്നോടിയെന്ന് സൂചന. അതേസമയം അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്നും സമര്‍പ്പിച്ചില്ല. ഇതോടെ അജിത്കുമാറിനെ മാറ്റുന്ന തീരുമാനവും വൈകുകയാണ്.

 

എം.ആര്‍.അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിട്ട് തുടങ്ങുന്നതിന്റെ സൂചനകള്‍ വ്യക്തമായി. ഒരുമാസം മാത്രം അകലെയുള്ള ശബരിമല സീസണിന്റെ നിര്‍ണായക അവലോകനയോഗമാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചത്. ശബരിമല കോര്‍ഡിനേറ്റര്‍ പദവിയും ക്രമസമാധാന ചുമതലയുമുള്ളതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടത് ‌അജിത്കുമാറായിരുന്നു. എന്നാല്‍ ഡി.ജി.പി ദര്‍വേഷ് സാഹിബും എ.ഡി.ജി.പിമാരായ മനോജ് എബ്രഹാമും എസ്.ശ്രീജിത്തുമാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അജിത്കുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. 

കഴിഞ്ഞ വര്‍ഷമുണ്ടായ അഭിപ്രായവ്യാത്യാസം കാരണം ശബരിമലയുടെ ചുമതലയില്‍ നിന്ന് അജിത്കുമാറിന് ഒഴിവാക്കണമെന്ന ആഗ്രഹം ദേവസ്വം ബോര്‍ഡും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതും അജിത്കുമാറിന് തിരിച്ചടിയായി. എന്നാല്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമയപരിധി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ഡി.ജി.പി സമര്‍പ്പിച്ചില്ല. അന്വേഷണസംഘം നാല് ദിവസമായി അതിന്റെ പണിപ്പുരയിലാണങ്കിലും റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നാണ് പറയുന്നത്. അതിനാല്‍ നിയമസഭയില്‍ ചര്‍ച്ചകളാരംഭിക്കുന്ന തിങ്കളാഴ്ചക്ക് മുന്‍പ് അജിത്കുമാറിനെ മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം നടന്നേക്കില്ല.

അതേസമയം ശബരിമല ദര്‍ശനത്തിന് ഇത്തവണയും ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം. അവലോകനയോഗത്തിലാണ് തീരുമാനം.

ENGLISH SUMMARY:

ADGP Ajith Kumar excluded from Sabarimala review meeting