ajith-kumar-with-valsan-thi

എ.ഡി.ജി.പി അജിത് കുമാറും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും നടത്തിയ കൂടികാഴ്ചയിൽ ദുരൂഹത വർധിക്കുന്നു. കേന്ദ്രമന്ത്രി ജോർജ് കൂര്യനെ കാണാനെത്തിയപ്പോൾ അവിചാരിതമായി കണ്ടതെന്ന വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റ്. കൂടിക്കാഴ്ച നടന്ന നാലിന് ജോർജ് കുര്യൻ ഡൽഹിയിലെന്ന് സ്ഥിരീകരണം. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

കേന്ദ്രമന്ത്രി ജോർജ് കൂര്യനെ കാണാനെത്തിയപ്പോൾ അവിചാരിതമായി എ.ഡി.ജി.പിയെ സന്ദർശിക്കുകയായിരുന്നുവെന്നാണ് വിവാദത്തിന് മറുപടിയായി വത്സൻ തില്ലങ്കേരി മനോരമ ന്യൂസിനോട് പറഞ്ഞത്. കൂര്യൻ താമസിച്ചിരുന്ന കൽപ്പറ്റയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് ആഗസ്റ്റ് നാലിനായിരുന്നു കൂടിക്കാഴ്ചയെന്നും സമ്മതിച്ചു. എന്നാൽ അതിൽ വൈരുധ്യമുണ്ട്.

ജൂലൈ 31ന് വയനാട്ടിലെത്തിയ കൂര്യൻ 3ന് രാവിലെ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. അന്ന് തന്നെ ചെക്ക് ഔട്ടും ചെയ്തു. കാണാനെത്തിയെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞ നാലിന് ജോർജ് കൂര്യൻ പ്രധാനമന്ത്രിയെ സന്ദർശിക്കുകയായിരുന്നു. കേന്ദ്രമന്ത്രി സ്ഥലതില്ലാഞ്ഞിട്ടും അദ്ദേഹത്തെ കാണാൻ ഹോട്ടലിൽ ചെന്നൂ എന്ന വാദമാണ് സംശയകരം. മറ്റൊരിടത്തായിരുന്ന വത്സൻ തില്ലകേരി എ.ഡി.ജി.പിയെ കാണാൻ മാത്രമായി ഹോട്ടലിൽ എത്തുകയായിരുന്നുവെന്നാണ് ആരോപണം.

ജോർജ് കൂര്യൻ താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് എം.ആർ.അജിത്കുമാർ 12 ദിവസവും കഴിഞ്ഞത്. നാലിനു പുലർച്ചെ തിരുനെല്ലി ക്ഷേത്ര ദർശനത്തിനു ശേഷം എ.ഡി.ജി.പി ഹോട്ടലിൽ ഉണ്ടായിരുന്നു. അന്നേ ദിവസമാണ് കൂടികാഴ്ച നടന്നത്. നാല് മണിക്കൂറോളം ചർച്ച നടന്നതായി സി.പി.എം, സി.പി.ഐ ജില്ലാ നേതൃത്വം അന്ന് തന്നെ സംസഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം, എ.ഡി.ജി.പി വത്സൻ തില്ലകേരി കൂടിക്കാഴ്ചയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് സംഘം ഹോട്ടലിലെത്തി ദൃശ്യങ്ങൾ പരിശോധിച്ചു.

ENGLISH SUMMARY:

ADGP Ajith Kumar's meeting with RSS leader Vasan Thillankeri adds to the mystery