രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് അപകടം. രക്തസ്രാവത്തെ തുടർന്ന് രോഗി പിന്നീട് മരിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ് . പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം പഴയ RT ഓഫീസിന് സമീപമാണ് അപകടം.
പാറത്തോട് പാലപ്ര സ്വദേശിയായ പി.കെ. രാജുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിയും ആംബുലൻസ് ഡ്രൈവറും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പൊൻകുന്നം അട്ടിക്കലിൽ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിൽ ഇടിച്ച ആംബുലൻസ് മറിഞ്ഞു.വീടിന്‍റെ മുൻഭാഗവും ഒരു മുറിയും പൂർണ്ണമായി തകർന്നു. മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയ്ക്കും രണ്ടു മക്കൾക്കും പരുക്കേറ്റില്ല .അട്ടിക്കൽ സ്വദേശി രാജേഷിന്‍റെ വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്.. രാജേഷ് വിദേശത്താണ്. അപകടമുണ്ടാകുമ്പോള്‍ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രോഗിയെ പിന്നീട് മറ്റൊരു ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.