പരസ്യപ്രസ്താവനകളെച്ചൊല്ലി സിപിഐ നേതൃത്വത്തില്‍ ഭിന്നത. വക്താക്കളെ വിലക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐയ്ക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി പറയുമെന്നും ബിനോയ് വിശ്വം. എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് കാരണം.
സംസ്ഥാന എക്സിക്യൂട്ടിവിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. ജനയുഗത്തിലെ ലേഖനം സെക്രട്ടറിയോട് പറഞ്ഞതിന് ശേഷമെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. സി.പി.ഐ നേതൃത്വത്തിലെ ഭിന്നത എക്സിക്യൂട്ടിവില്‍ മറനീക്കി പുറത്തുവന്നു.
അതേസമയം, എഡിജിപി എം.ആർ.അജിത്കുമാറിനെ അനാവശ്യമായി സംരക്ഷിച്ചത് സർക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്ന് ആക്ഷേപം വന്നതിനു ശേഷവും അജിത് കുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. എന്നാൽ സർക്കാർ തീരുമാനത്തെ പിന്തുണച്ചും ചില അംഗങ്ങൾ രംഗത്തെത്തി.
പെട്ടെന്ന് മാറ്റിയിരുന്നെങ്കിൽ സമ്മർദ്ദത്തെ തുടർന്ന് മാറ്റി എന്നുള്ള ചർച്ച സജീവമാകുമായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം എന്നും ചില നേതാക്കൾ സൂചിപ്പിച്ചു. ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന തോന്നലുണ്ടാക്കുന്നത് ഉചിതമല്ലെന്നും ചർച്ചയിൽ അഭിപ്രായം വന്നു. അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ എന്നായിരുന്നു മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.