ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണം. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ്  ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ സ്വന്തമായ സ്വർണത്തിന്റെ കണക്കുകൾ മനോരമ ന്യൂസിന് ലഭിച്ചു.

ഗുരുവായൂർ ദേവസ്വത്തിന് വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നുമുള്ള വിവരം നേരത്തെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണത്തിന്റെ കണക്കുകൾ കൂടി ലഭിച്ചിരിക്കുന്നത്. രേഖകൾ പ്രകാരം 1084.76 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായിട്ടുള്ളത്. 869.2 കിലോ  എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ട്. 

സ്ഥിരനിക്ഷേപം, സ്വർണ നിക്ഷേപം എന്നിവ വഴി എസ്ബിഐയിൽ നിന്ന് മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം 7 കോടിയിലേറെ രൂപ പലിശയിനത്തിൽ ദേവസ്വത്തിന് ലഭിച്ചു. അതിന് മുൻവർഷങ്ങളിൽ ആറര കോടിയിലേറെ രൂപയാണ് പലിശ ലഭിച്ചിരുന്നത്. നിത്യോപയോഗ വകയിൽ 141.16 കിലോ സ്വർണമാണ് ദേവസ്വത്തിൻ്റെ കൈവശമുള്ളത്. കല്ലുകൾ പതിച്ചവ 73.93 കിലോയും. എന്നാൽ ഈ സ്വർണ്ണമടക്കമുള്ള സ്വത്തുക്കളുടെ മൂല്യനിർണയം ഇതുവരെ നടത്തിയിട്ടില്ല.

ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുക്കൾ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതിയിലുണ്ട്. ഹർജി അടുത്തയാഴ്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

ENGLISH SUMMARY:

Gold asset details of guruvayur devaswam