തിരുവനന്തപുരം ബീമാപ്പള്ളിയില്‍ മാലിന്യക്കൂമ്പാരത്തിനടുത്ത് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ കോര്‍പറേഷന്‍ നടത്തുന്ന നഴ്സറി സ്കൂളിന്‍റെ വിഷയത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി. നശിച്ചുകിടക്കുന്ന പ്ലേ സ്കൂള്‍ രണ്ടാഴ്ചക്കകം നവീകരിച്ച് തുറന്ന് കൊടുക്കണമെന്നും, മത്സ്യഭവന്‍റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി സ്കൂള്‍ പൊളിച്ച് പണിത് കെട്ടിടത്തിന്‍റെ ഇടതുവശത്തേക്ക് മാറ്റണമെന്നും ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഉത്തരവിട്ടു.
ബീമാപ്പള്ളിയിലെ കോര്‍പറേഷന്‍ പ്രീ സ്കൂളിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് മനോരമന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതടക്കമുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ഇടപെടല്‍. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജുമായ എസ് ഷംനാദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നലെ സ്കൂള്‍ സന്ദര്‍ശിച്ചു.
Also Read : വന്യജീവി ആക്രമണങ്ങള്‍ക്ക് കാരണം കൊന്നകള്‍; വെട്ടിനിരത്തി വനം വകുപ്പ്
സ്കൂളില്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ലെന്ന് സംഘത്തിന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഒന്നാം നിലയില്‍ അടച്ചിട്ടിരിക്കുന്ന പ്ലേ സ്കൂള്‍ രണ്ടാഴ്ചയ്ക്കകം നവീകരിച്ച് തുറന്ന് കൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്.ഫിഷറീസിന്‍റെ രണ്ട് ഓഫീസുകള്‍ക്ക് നടുവിലാണ് ഒറ്റമുറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സംഘം വിലയിരുത്തി. അതിനാല്‍ സ്കൂള്‍ മുറി പൊളിച്ച് പണിത് കെട്ടിടത്തിന്‍റെ ഇടതുവശത്തേക്ക് മാറ്റണം. പ്രത്യേക ഗെയ്റ്റും സ്ഥാപിക്കണം.
തൊട്ടടുത്തുള്ള ആകാശവാണി ഭൂമിയിലാണ് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത്. ഇത് നിക്കാന്‍ ആകാശവാണിയുമായി ചര്‍ച്ച നടക്കുകയാണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അതോറ്റിയെ അറിയിച്ചു. മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.