സി.എം.ആർ.എൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്.എഫ്.ഐ.ഒ. കെ.എസ്.ഐ.ഡി.സി ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.അരവിന്ദാക്ഷനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള തീരുമാനം. രേഖകൾ പരിശോധിച്ച ശേഷം അരവിന്ദാക്ഷനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

അന്വേഷണ കാലാവധി  നീട്ടിക്കിട്ടിയ സാഹചര്യത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് എസ്.എഫ്.ഐ.ഒ ലക്ഷ്യമിടുന്നത്. അന്വേഷണത്തിന്‍റെ തുടക്കത്തിൽ കെ.എസ്.ഐ.ഡി.സിയിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തെങ്കിലും ആരെയും ചോദ്യം ചെയ്യാൻ എസ്.എഫ്.ഐ.ഒയ്ക്ക് സാധിച്ചിരുന്നില്ല. കേരള, കർണാടക, ഡൽഹി ഹൈക്കോടതികളിലെ നിയമ പോരാട്ടങ്ങൾ മൂലം അന്വേഷണം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലായിരുന്നു. എട്ടു മാസത്തെ അന്വേഷണ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുകയും ചെയ്തു. 

Also Read; കെഎസ്ഐഡിസി ഉദ്യോഗസ്ഥന്‍റെ മൊഴിയെടുത്ത് എസ്എഫ്ഐഒ

 എന്നാൽ KSIDC ജനറൽ മാനേജരും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ കെ.അരവിന്ദാക്ഷൻ ചോദ്യം ചെയ്യലിന് നാടകീയമായി ഹാജരായതോടെ SFIO യുടെ കോർട്ടിലേക്ക് കളി എത്തുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ സാമ്പത്തിക റിപ്പോർട്ടുകളും രേഖകളും അരവിന്ദാക്ഷൻ ഇന്നലെ ചെന്നൈ എസ്.എഫ്.ഐ.ഒ ഓഫീസിൽ ഹാജരാക്കിയിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷം അരവിന്ദാക്ഷനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. 

കമ്പനിയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഉടൻ നോട്ടീസ് നൽകിയേക്കും. സിഎംആർഎലിൽ മുൻപേയുള്ള ഓഹരി പങ്കാളിത്തം തുടരുന്നതും, ബോർഡിൽ അംഗത്വമുണ്ടെന്നതും ഒഴിച്ചാൽ ദൈനംദിന കാര്യങ്ങളിൽ പങ്കില്ലെന്ന നിലപാടാണ് കെഎസ്ഐഡിസിക്ക്. ഇതേ നിലപാടാണ് ജനറൽ മാനേജരും ആവർത്തിച്ചതെന്നാണ് വിവരം.

അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി  നവംബർ 12നാണ് വീണ്ടും പരിഗണിക്കുന്നത്. അതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കരുതെന്ന ഇടക്കാല ഉത്തരവും നിലവിലുണ്ട്. ഹർജി കോടതി തള്ളിയാൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ എസ്.എഫ്.ഐ.ഒക്ക് സാധിക്കും.  കർണാടക ഹൈക്കോടതിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ  ഹർജിയിൽ കൂടി അനുകൂല തീരുമാനമുണ്ടായാൽ അന്വേഷണം പൂർത്തിയാക്കാൻ എസ്എഫ്ഐഒക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

ENGLISH SUMMARY:

SFIO is preparing to question more individuals in the mysterious CMRL-Exalogic dealings. This decision comes after questioning K.Aravindakshan, the Chief Financial Officer of KSIDC. It is indicated that Aravindakshan will be questioned again after the examination of relevant documents.