ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും സിനിമ മേഖലയില്‍ ചൂഷണങ്ങള്‍ തുടരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത ശേഷം ട്രാന്‍സ്ജെന്‍ഡേഴ്സിനോട് അഡ്ജസ്റ്റ്മെന്‍റ് ആവശ്യപ്പെട്ടതായി ആരോപണം. മ്ലേച്ചന്‍ എന്ന സിനിമയുടെ കാസ്റ്റിങ് അസിസ്റ്റന്‍റാണ് അഡ്ജസറ്റ്മെന്‍റ് ആവശ്യപ്പെട്ടതെന്ന് ട്രാന്‍സജെന്‍ഡര്‍ രാഗ രഞ്ജിനി മനോരമ ന്യൂസിനോട് പറഞ്ഞു.
ആടുജീവിതം സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുല്‍ നായകനാകുന്ന ചിത്രത്തിലേക്കാണ് നാല് ട്രാന്‍സ്ജെന്‍ഡേഴ്സിനെ തിരഞ്ഞെടുത്തത്. ഷിജുവെന്ന് പരിചയപ്പെടുത്തിയ കാസ്റ്റിങ് അസിസ്റ്റന്‍റാണ് രാഗ രഞ്ജിനിയെ സമീപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കൊച്ചിയില്‍ നടക്കുന്ന ചിത്രീകരണത്തിന് എത്താന്‍ ആവശ്യപ്പെട്ടു. ഒപ്പം അഡ്ജസ്റ്റ്മെന്‍റിന് തയാറാകണമെന്ന നിര്‍ദേശവും. എതിര്‍ത്തതോടെ നാല് പേരെയും സിനിമയില്‍ നിന്ന് ഒഴിവാക്കി.
Also Read; 'നിങ്ങൾ ലൈക് അടിച്ചു ഇരിക്ക്...'; കണ്‍വിന്‍സിങ് ട്രെന്‍ഡിനൊപ്പം മഹേഷ് കുഞ്ഞുമോനും
സിനിമയിലുണ്ടായ ദുരനുഭവം കാസ്റ്റിങ് അസിസ്റ്റന്‍റിന്‍റെ ചിത്രം സഹിതം രാഗ രഞ്ജിനി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ആരംഭിച്ചത്. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് രാഗ രഞ്ജിനി.