മാലാ പാർവതി വർക്കൗട്ട് ചെയ്യുന്നു എന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന സിനിമയിലെ ഒരു രംഗം മാത്രമാണ് പ്രചരിക്കുന്നത് എന്ന് മാലാ പാർവതി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായ നടി ചിത്രത്തില്‍ രമാദേവി എന്ന കരുത്തുറ്റ കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുറ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെയാണ് സിനിമയിലെ മാലാ പാർവതിയുടെ വർക്ക്ക്കൗട്ട് രംഗം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് വിശദീകരണവുമായി മാലാ പാർവതി രംഗത്തെത്തിയത്.
'മുറ എന്ന സിനിമയിൽ, Gym-ൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എൻ്റെ വർക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസ്സേജും ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്.. സിനിമ കാണു.' മാലാ പാർവതി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു. പിന്നാലെ സിനിമയിലെ നടിയുടെ അഭിനയമികവിനെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളുമെത്തി.