എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബെറ്റാലിയൻ എ.ഡി.ജി.പിയായാണ് മാറ്റം. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരായ നടപടി. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു. കൂടിക്കാഴ്ച അജിത്കുമാര്‍ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത് മനോരമ ന്യൂസ്.
മുഖ്യമന്ത്രി രാത്രിയില്‍ സെക്രട്ടേറിയറ്റിലെത്തി ശേഷമാണ് ഉത്തരവ് പുറത്തിറങ്ങിയത്.ഇന്നലെ രാത്രി ഡി.ജി.പി കൈമാറിയ റിപ്പോര്‍ട്ടില്‍ പി.വി.അന്‍വറിന്റെ ഭൂരിഭാഗം ആരോപണങ്ങളും തെളിവില്ലെന്ന് കണ്ട് തള്ളി. പക്ഷെ ആര്‍.എസ്.എസ് കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമെന്ന എ.ഡി.ജി.പിയുടെ വിശദീകരണം തള്ളുകയും കൂടിക്കാഴ്ചയുടെ കാരണത്തില്‍ ഡി.ജി.പി സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അജിത്തിന്റെ പടിയിറക്കത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങിയത്.
എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി.