cm-reached-the-secretariat-

എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും. മുഖ്യമന്ത്രി രാത്രിയില്‍ സെക്രട്ടേറിയറ്റിലെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് തന്നെ തീരുമാനം വരാനാണ് സാധ്യത. നാളെ നിയമസഭാ ചേരുന്നതിന് മുന്നോടിയായി ഉത്തരവ് വരാനാണ് സാധ്യത.

അതേസമയം അജിത്കുമാറിനെതിരായ ഉത്തരവ് കാത്തിരിക്കുകയാണ് സി.പി.ഐ. ഉത്തരവില്ലെങ്കില്‍ തുടര്‍നീക്കം തീരുമാനിക്കാന്‍ നേതാക്കള്‍ ആശയവിനിമയം തുടങ്ങി. കടുത്ത നിലപാടിലേക്ക് പോകാന്‍ മടിക്കില്ലെന്ന്  നേതാക്കള്‍ അറിയിച്ചു.

ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ ഉദ്യോഗസ്ഥതലയോഗം ചേര്‍ന്നു. അജിത്തിനെ മാറ്റുന്നതില്‍ ഉടന്‍ തീരുമാനമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എല്ലാം നിഷേധിച്ച് വാര്‍ത്താകുറിപ്പിറങ്ങി. ക്ളിഫ് ഹൗസില്‍ നടക്കുന്നത് പതിവ് ചര്‍ച്ച മാത്രമെന്ന് വിശദീകരിച്ച കുറിപ്പില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കാനുള്ള തീരുമാനം ഡി.ജി.പി ഉപേക്ഷിച്ചു. ഉച്ചയോടെ ഉദ്യോഗസ്ഥരും ക്ളിഫ് ഹൗസില്‍ നിന്ന് മടങ്ങി. നടപടിക്ക് ഉത്തരവിറക്കേണ്ട ആഭ്യന്തര സെക്രട്ടറി ഓഫീസിലെത്തിയുമില്ല. ഞായറാഴ്ച അവധി ദിനമായിട്ടും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 

ഇന്നലെ രാത്രി ഡി.ജി.പി കൈമാറിയ റിപ്പോര്‍ട്ടില്‍ പി.വി.അന്‍വറിന്റെ ഭൂരിഭാഗം ആരോപണങ്ങളും തെളിവില്ലെന്ന് കണ്ട് തള്ളി. പക്ഷെ ആര്‍.എസ്.എസ് കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമെന്ന എ.ഡി.ജി.പിയുടെ വിശദീകരണം തള്ളുകയും കൂടിക്കാഴ്ചയുടെ കാരണത്തില്‍ ഡി.ജി.പി സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അജിത്തിന്റെ പടിയിറക്കത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങിയത്.

ENGLISH SUMMARY:

ADGP MR Ajithkumar may be transferred from law and order charge