announcing-the-policy-of-pv

പി.വി.അന്‍വറിന്റെ നേതൃത്വത്തില്‍ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ എന്ന സാമൂഹിക സംഘടനയുടെ  നയം പ്രഖ്യാപിച്ചു. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നതെന്നാണു പ്രഖ്യാപനം. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് ഒരു ജില്ല രൂപീകരിക്കണമെന്ന് നയം പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് മറ്റു ജില്ലകളേക്കാള്‍ ജന ബാഹുല്യമാണ്. മലപ്പുറം ജില്ലയുടെ സമാന അവസ്ഥയാണ് കോഴിക്കോട് ജില്ലയിലും. ഇത് കണക്കിലെടുത്ത് പുതിയ ജില്ല രൂപീകരിക്കണം.

സാമൂഹ്യനീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസ് നടപ്പാക്കണം. പ്രവാസി വോട്ടവകാശം ഉറപ്പാക്കണം. മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം. ഓണ്‍ലൈന്‍ കച്ചവടം നിരുല്‍സാഹപ്പെടുത്തണം. തൊഴിലില്ലായ്മ വേതനം 2,000 രൂപയാക്കി ഉയര്‍ത്തണം. ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവലാകും. ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.

കോരിച്ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അൻവറിനെ മുദ്രാവാക്യം വിളികളോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയത്.

 

ഡിഎംകെയുടെ പ്രധാന നയങ്ങൾ

  • ജാതി സെൻസസ് നടത്തണം
  • പ്രവാസികൾക്ക് വോട്ടവകാശം
  • മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം
  • മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം
  • വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതിത്തള്ളണം
  • സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം
  • തിരികെയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആരംഭിക്കും
  • വിദ്യാഭ്യാസം സൗജന്യമാക്കണം
  • മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം
  • വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം
  • തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം
  • അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് കെഎസ്ആർ‌ടിസി സൗജന്യ യാത്ര പാസ്
  • വയോജന ക്ഷേമ നയം നടപ്പാക്കണം
  • വയോജന വകുപ്പ് രൂപീകരിക്കണം
  • തീരദേശ അവകാശ നിയമം പാസാക്കണം
  • പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം
  • നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ
  • പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം
  • റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം
  • തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ–ഫാം ടൂറിസത്തിനായി നിയമഭേദഗതി
  • ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം
  • വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം
  • സഹകരണ സംഘങ്ങളിൽ ‍പാർട്ടി നിയമനങ്ങൾ അവസാനിപ്പിക്കും.
  • ലഹരിക്കെതിരെ ഗ്രാമതലത്തിൽ അധികാരമുള്ള ജനകീയ സംവിധാനം
  • 2 എഫ്ഐആറുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും മാറ്റണം
  • അസ്വാഭാവികമല്ലാത്ത അപകട മരണങ്ങളിൽ കുടുംബം ആവശ്യപ്പെട്ടാൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കണം
  • ശബരിമലയുടെയും വഖഫ് ബോർഡിന്റെയും ഭരണം അതാത് മതവിശ്വാസികൾ അല്ലാത്തവർ നിയന്ത്രിക്കുന്നതിൽ അടിയന്തര മാറ്റം വേണം
  • കായിക സർവകലാശാല നടപ്പിലാക്കണം
ENGLISH SUMMARY:

Announcing the policy of PV Anwar new party