TOPICS COVERED

സമ്മേളനം തുടങ്ങിയതോടെ എറണാകുളത്ത് സിപിഎമ്മില്‍ ബ്രാഞ്ച് തലം മുതൽ കയ്യാങ്കളിയും, കൂട്ടത്തല്ലും. എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റിയോഗത്തിലെ കൂട്ടത്തല്ലിൽ എൽ.സി. അംഗമടക്കം 6 പേർ അറസ്റ്റിൽ. അഭിപ്രായ ഭിന്നതയെ തുടർന്ന് ലോക്കൽ കമ്മറ്റിയിലെ 10ബ്രാഞ്ച് സമ്മേളനങ്ങൾ റദ്ദാക്കി.

ഇന്നലെ ചേർന്ന പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തിൽ  കൂട്ടത്തല്ലാണ് നടന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം അഞ്ചുപേർക്ക് സാരമായ പരുക്കുമേറ്റു. കമ്പിവടി ഉപയോഗിച്ച് ആക്രമച്ചതിനാൽ ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ മരട് പൊലീസ് അറുപേർക്കെതിരെ ജാമ്യമില്ല കേസുമെടുത്തു.

ലോക്കൽ കമ്മറ്റി അംഗം കെ.എ.സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ സനീഷ്,സൂരജ്,ബൈജു തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. സഹകരബാങ്ക് ക്രമക്കേടിൽ പാർട്ടി അംഗത്തിനെതിരെ നടപടിയെടുത്തതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ലോക്കൽ സെക്രട്ടറി പറയുന്നു. മറ്റൊരു ലോക്കൽ കമ്മിറ്റി അംഗത്തിൽ നിന്ന് വസ്തു വിറ്റ വകയിൽ മുൻ ലോക്കൽ സെക്രട്ടറി ബ്രോക്കർ ഫീസ് വാങ്ങിയത് ചോദ്യം ചെയ്താണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് മറുവാദം. ഇരുവിഭാഗങ്ങൾക്കൊപ്പം ചേരിതിരിഞ്ഞ് ജില്ലാ,ഏരിയാ നേതാക്കൾ നിലയുറപ്പിച്ചതോടെ പ്രശ്നത്തിൻ്റെ തീവ്രതയേറി. കഴിഞ്ഞ ദിവസം പറവൂരിൽ പാർട്ടി അംഗം ആത്മഹത്യചെയ്തതിൽ ലോക്കൽ സെക്രട്ടറിക്കെതിരെ ആരോപണമുയർന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബ്രാഞ്ച് സമ്മേളനങ്ങളിൽ വലിയ തർക്കങ്ങളാണ് അരങ്ങേരുന്നത്.

ENGLISH SUMMARY:

As the conference began, there have been fistfights and group clashes within the CPM in Ernakulam