നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെ എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണമെന്ന് ഉറപ്പിച്ച് സിപിഐ. നിലപാടുകളിൽ നിന്ന് ഇടതുപക്ഷം വ്യതിചലിക്കരുതെന്ന് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കള്ളപ്പണവുമായി ബന്ധപ്പെട്ട രേഖകൾ കൊടുത്തിട്ടും അജിത് കുമാറിനെ സസ്പെൻഡ് ചെയ്തില്ലെന്ന് പി.വി അൻവർ ആരോപിച്ചു.
ആർഎസ്എസ് നേതാക്കളെ കണ്ട എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോൾ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. അന്വേഷണം റിപ്പോർട്ട് ലഭിക്കുകയും ആർഎസ്എസ് കൂടിക്കാഴ്ച സ്ഥിരീകരിക്കുകയും ചെയ്തതോടെ എത്രയും പെട്ടെന്ന് നടപടി വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. സസ്പെൻഷൻ പോലുള്ള നടപടികൾ ആവശ്യപ്പെടുന്നതല്ലെങ്കിലും സ്ഥാന ചലനം അനിവാര്യമാണെന്ന് സിപിഐ നേതൃത്വം. നാളെ നിയമസഭാ ചേരും മുന്‍പ് മുന്നണിയിൽ പ്രതിസന്ധി ഉണ്ടാക്കാതെ സർക്കാർ നടപടി എടുക്കും എന്നാണ് സിപിഐ കരുതുന്നത്.
ആർഎസ്എസ് കൂടിക്കാഴ്ചയിൽ ആകും അജിത് കുമാറിനെതിരെ നടപടിയെന്ന് വ്യക്തമായതോടെ കള്ളപ്പണത്തിന്റെ തെളിവുകളെല്ലാം സർക്കാരിന് കൊടുത്തിരുന്നു എന്ന് വ്യക്തമാക്കി പി വി അൻവറും രംഗത്തെത്തി. അജികുമാറിനെ സംരക്ഷിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്റെ വിയോജിപ്പുള്ളതിനാൽ നാളെ നിയമസഭാ സമ്മേളനത്തിന് മുൻപ് നടപടി ഉണ്ടാവുമെന്നാണ് കരുതുന്നത്.