ശബരിമലയിൽ ഈ മണ്ഡല കാലം മുതൽ  ഓൺലൈൻ വഴി ബുക്ക് ചെയ്തു വരുന്നവർക്കു മാത്രമേ ദർശനം നടത്താൻ കഴിയൂ എന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഓൺലൈൻ ബുക്കിങ്ങിനെ കുറിച്ച് അറിയാതെ എത്തുന്നവർക്ക് മലകയറാൻ  കഴിയില്ല . ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മുന്നൊരുക്ക ആലോചനാ യോഗത്തിലാണ് സ്പോട്ട് ബുക്കിങ് പൂർണമായി നിർത്താൻ തീരുമാനിച്ചത്.  

കഴിഞ്ഞ മണ്ഡലകാലത്ത് ഓൺലൈൻ ബുക്കിങ്ങിലൂടെ 90,000 പേർക്കും സ്പോട്ട് ബുക്കിങ്ങിലൂടെ 15,000 പേർക്കുമാണ് ദർശനത്തിന് അനുമതി നൽകിയിരുന്നത്. എരുമേലിയിലും പമ്പയിലും അടക്കം സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഉണ്ടായിരുന്നു. ഓൺലൈൻ ബുക്കിങ്ങിനെ കുറിച്ച് അറിയാതെ ദർശനത്തിന് എത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിങ് സഹായമായി.  കോവിഡ് കാലത്ത് തിരുപ്പതി മാതൃകയിൽ തുടങ്ങിയ ബുക്കിങ് രീതി കർശനമാക്കുന്നതോടെ സ്പോട്ട് ബുക്കിങ് പൂർണമായും നിർത്തി. ദിവസം അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 80,000 ആക്കി കുറയ്ക്കണം എന്നും സ്പോട്ട് ബുക്കിംഗ് നിർത്തണമെന്നും പോലീസിന്റെ കൂടി ആവശ്യമായിരുന്നു.

ഇന്നലത്തെ യോഗം ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാത്തതുകൊണ്ടാണ് എഡിജിപി അജിത് കുമാർ പങ്കെടുക്കാതിരുന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം. അജിത് കുമാറിനെ ശബരിമലയുടെ ചുമതല ഏൽപ്പിക്കരുതെന്ന് ദേവസ്വം ബോർഡ് യോഗം തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞതവണ ശബരിമലയിൽ ഉണ്ടായ പ്രതിസന്ധിയുടെ പ്രധാന കാരണക്കാരൻ അജിത് കുമാർ ആണ് എന്നായിരുന്നു ആരോപണം.

ENGLISH SUMMARY:

Sabarimala darshan is available through online booking. No other booking options are currently offered.