ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശം നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍. ബോബിയുടെ പരാമര്‍ശം പലര്‍ക്കും അശ്ലീല കമന്‍റുകള്‍ ഇടാന്‍ ഉൗര്‍ജമായെന്നും ഹണി പറയുന്നു. ഹണിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം, പരാതിക്കാരിയെന്ന നിലയിൽ തന്റെ പേര് മാധ്യമങ്ങൾ മറച്ചുവയ്ക്കരുതെന്ന് ഹണി റോസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പരാതി നൽകിയത്. തന്റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം മുഴുവൻ. ഞാൻ പരാതി പറയുമ്പോൾ എന്തിന് എന്റെ പേര് മറച്ചുവയ്ക്കണമെന്നും ഹണി റോസ്.
ബോബി ചെമ്മണ്ണൂരിനെ അഭിസംബോധന ചെയ്തുകൊണ്ട് കുറിപ്പും ഹണി റോസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെയുണ്ടാകുമെന്നും താന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു എന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണ രൂപം...
‘ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്‍റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.’