ഉരുൾ തകർത്തില്ലെങ്കിലും മേപ്പാടി അട്ടമലയും ദുരന്തഭൂമിയാണ്. ആളും തിരക്കും ഒഴിഞ്ഞ അട്ടമല എന്ന സ്വർഗ്ഗ നാട്ടിൽ ആദിവാസികളും തൊഴിലാളികളും അതിജീവിച്ചു കഴിയുന്നുണ്ട്. ധനസഹായം ലഭിക്കാതെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തുമോ എന്ന് ഉറപ്പില്ലാതെയും ആശങ്കയിലാണ് ഓരോരുത്തരും.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു പോറൽ പോലും ഏൽക്കാത്ത നാടാണ് അട്ടമല. ചൂരൽ മലയിൽ നിന്ന് രണ്ടരക്കിലോമീറ്റർ അകലെയുള്ള മനോഹരമായ നാട് പക്ഷേ ഇന്ന് ശൂന്യമാണ്. മുപ്പതോളം കുടുംബങ്ങൾ അധിവസിച്ചിരുന്ന മേഖലയിൽ അവശേഷിക്കുന്നത് രണ്ടു കുടുംബങ്ങൾ. പ്രദേശത്തെ ആദിവാസികൾ കൂടി പാടിയിലേക്ക് മാറിയതൊഴിച്ചാൽ പിന്നെ ആരും ഇല്ല. ഉരുൾപൊട്ടൽ പ്രകമ്പനത്തിൽ ഭയന്ന് ഒറ്റപ്പെട്ട പലരും വാടക വീടുകളിലേക്ക് മാറി.

ക്ഷേത്രവും ജുമാ മസ്ജിദും ഒഴിഞ്ഞ കുറേ പാടികളും പിന്നെ വന്യജീവികളുമൊക്കെയാണ് അട്ടമലയിൽ ബാക്കി. അവശേഷിക്കുന്ന ബാക്കി മനുഷ്യരാകട്ടെ കടുത്ത പ്രതിസന്ധിയിലാണ്. ചൂരൽമല കടന്ന് അട്ട മലയിലെത്താൻ ബെയ്ലി പാലം മാത്രമാണ് ആശ്രയം. പാലം കടക്കാൻ കടുത്ത നിയന്ത്രണമുള്ളത് കൊണ്ട് അവശ്യ സാധനങ്ങൾ എത്തിക്കാൻ പോലും ബുദ്ധിമുട്ട്. 

വാടക വീടുകളിലേക്ക് മാറിയവർക്കുമുണ്ട് ആശങ്ക. പലയാളുകൾക്കും അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. പുനരധിവാസത്തിൽ വീടുകൾ ലഭിക്കുമോ എന്ന് ഉറപ്പില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തിൽ അട്ടമലക്കാർ ഉൾപ്പെട്ടിട്ടുമില്ല. അത്യാഹിത സംഭവിച്ചാൽ ഒന്നോടാൻ പോലും പറ്റാതെ വിധം പ്രദേശത്തെ ആദിവാസികളും ദുരിതത്തിൽ

ഉരുൾ പൊട്ടി തകർന്നടിഞ്ഞ മുണ്ടകൈയും ചൂരൽമലയും മാത്രമേ പുറത്തറിയുന്നുള്ളൂ. ഉരുളെടുക്കാതെയും ദുരന്ത ഭൂമിയായി മാറിയ അട്ടമലയെ അധികമാരും അറിഞ്ഞിട്ടില്ല. ദുരന്ത ബാധിതരായി പരിഗണിച്ച് തങ്ങളെയും ചേർത്ത് നിർത്തണമെന്നാണ് ഈ മനുഷ്യരുടെ ആവശ്യം.