ഭര്‍ത്താവിന്‍റെ അപകട മരണത്തില്‍ കമ്പനി നഷ്ടപരിഹാര തുകയും ഇന്‍ഷുറന്‍സും നല്‍കിയില്ലെന്ന് യുവതിയുടെ പരാതി. ഖത്തറില്‍ ജോലിക്കിടെ മരിച്ച കൊച്ചി പള്ളുരുത്തി സ്വദേശി താഹ അബ്ദുല്‍ അസീസിന്‍റെ ഭാര്യ രഹനയുടെതാണ് പരാതി. ഒന്‍പത് വര്‍ഷമായിട്ടും അനുകൂല നടപടിയില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രഹനയും മക്കളും.
2015 നവംബര്‍ 30നാണ് കൊച്ചി പള്ളുരുത്തി സ്വദേശിയായ താഹ അബ്ദുള്‍ അസീസ് ഖത്തറില്‍ ജോലിക്കിടെ അപകടത്തില്‍ മരിക്കുന്നത്. കടലില്‍ നിന്ന് മണ്ണെടുക്കുന്നതിനിടെ എസ്കവേറ്റര്‍ മറിഞ്ഞായിരുന്നു അപകടം. താഹയുടെ മരണത്തോടെ ഭാര്യയും രണ്ട് മക്കളും അനാഥരായി. പത്ത് വര്‍ഷമാകുമ്പോളും നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സോ കുടുംബത്തിന് ലഭിച്ചില്ല. കമ്പനി അധികൃതരും ഭര്‍ത്താവിന്‍റെ വീട്ടുകാരും ഒത്തുകളിക്കുന്നുവെന്നാണ് രഹ്നയുടെ ആരോപണം.
ലൈസന്‍സ് ഇല്ലാതെയാണ് താഹ എസ്കവേറ്റര്‍ ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് നിഷേധിച്ചുവെന്നാണ് ഫോര്‍മോസ്റ്റ് ട്രേഡിംങ് ആന്‍ഡ് കണ്‍സള്‍ട്ടിങ് കമ്പനിയുടെ വിശദീകരണം. നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ നല്‍കാമെന്ന് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി. മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മിഷനടക്കം പരാതി നല്‍കി അനുകൂല ഇടപെടലിനായി കാത്തിരക്കുകയാണ് കുടുംബം.