നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ആക്ഷേപങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് നടന്‍ സിദ്ദിഖ്. മാസ്കറ്റ് ഹോട്ടലില്‍ പരാതിക്കാരിയെ കണ്ടിട്ടില്ല. ഒരേയൊരു തവണയാണ് കണ്ടത് . അത് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രിവ്യുഷോയ്ക്ക് ഇടയിലാണെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞു. അതേ സമയം പൊലീസ് ആവശ്യപ്പെട്ട രേഖകളൊന്നും സിദ്ദിഖ് ഹാജരാക്കിയില്ല . ഈ സാഹചര്യത്തില്‍ ഈ മാസം 12ന് വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശം നല്‍കി.
സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ അറസ്റ്റ് ചെയ്താലും വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല.
തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. താല്‍കാലികമായി അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാന്‍ സിദ്ദിഖിന് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റുണ്ടായാല്‍ വിചാരണ കോടതിയില്‍ ഹാജാക്കി ജാമ്യം നല്‍കാനും സുപ്രീകോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് സിദ്ദിഖ് പുറത്തുവന്നതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതും