• ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ADGPയുടെ RSS കൂടിക്കാഴ്ചയെപ്പറ്റി ഗുരുതര പരാമര്‍ശങ്ങള്‍
  • DGP പദവി ഉള്‍പ്പെടെയുള്ള നേട്ടങ്ങളാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്
  • കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ലാത്തത് സംശയം കൂട്ടുന്നുവെന്നും റിപ്പോര്‍ട്ട്

എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയെപ്പറ്റി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ആര്‍എസ്എസ് കൂടിക്കാഴ്ച സംശയകരമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഡിജിപി പദവി ഉള്‍പ്പെടെയുള്ള നേട്ടങ്ങളാണ് എഡിജിപിയുടെ ലക്ഷ്യമെന്ന് സംശയമെന്നും റിപ്പോര്‍ട്ട്. അതേസമയം, ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്ക് വഴങ്ങി ക്രമസമാധാന ചുമതലയില്‍ നിന്ന് എം.ആര്‍. അജിത്കുമാറിനെ മാറ്റിയെങ്കിലും, സ്വാഭാവിക സ്ഥലംമാറ്റമെന്ന രീതിയില്‍ ഉത്തരവിറക്കിയാണ് മുഖ്യമന്ത്രിയുടെ കരുതല്‍. സ്ഥലംമാറ്റത്തിന്റെ കാരണം ഉത്തരവിലും മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പിലും വ്യക്തമല്ല. ഈ ആക്ഷേപം നിയമസഭയിലടക്കം ഉന്നയിച്ച് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷതീരുമാനം.

അന്‍‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയെന്ന ബോംബ് പ്രതിപക്ഷ നേതാവ് പൊട്ടിച്ചതോടെയായിരുന്നു അജിത്കുമാര്‍ പ്രതിക്കൂട്ടിലായത്. മുന്നണിക്കും പാര്‍ട്ടിക്കും ഉള്ളില്‍ അജിത്തിനെതിരെ ശബ്ദം ഉയര്‍ന്നപ്പോഴും തന്റെ അതിവിശ്വസ്തനെ കൈവിടാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി അന്വേഷണ റിപ്പോര്‍ട്ട് വരട്ടേയെന്ന ന്യായമാണ് ആവര്‍ത്തിച്ചിരുന്നത്.

ഒടുവില്‍ നടപടി വന്നപ്പോള്‍ അതിനെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപടി എന്ന് വിളിക്കാന്‍ സാധിക്കില്ല. സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഡി.ജി.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ ഒരുവരി പോലുമില്ല. എന്ത് കാരണം കൊണ്ടാണ് സ്ഥലംമാറ്റമെന്നുമില്ല. ചുരുക്കത്തില്‍ പഴി കേള്‍ക്കുന്നത് അവസാനിപ്പിക്കാനായി അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് ബറ്റാലിയനിലേക്ക് മാറ്റിയിരുത്തിയെന്ന് മാത്രം. സര്‍വീസ് രേഖ പ്രകാരം അച്ചടക്കനടപടിയായി എവിടെയും രേഖപ്പെടുത്തില്ല. 

അങ്ങനെ നടപടിയിലും തന്റെ അതിവിശ്വസ്ത ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രി കരുതല്‍ തുടര്‍ന്നു. അജിത്കുമാറിന് പകരം മനോജ് എബ്രഹാമാണ് ഇനി ക്രമസമാധാന ചുമതലയില്‍. എന്നാല്‍ അദേഹം കൈവശം വെച്ചിരുന്ന ഇന്റലിജന്‍സില്‍ ആരെയും നിയമിച്ചിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ കൂടുതല്‍ അഴിച്ചുപണി പൊലീസില്‍ ഉണ്ടാകും. മാത്രവുമല്ല ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും പരിശോധിച്ച ശേഷം സുജിത് ദാസ് അടക്കം കൂടുതല്‍ പൊലീസുകാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. 

Serious remarks in DGP's report on ADGP's RSS meeting.

ENGLISH SUMMARY:

Serious remarks in DGP's report on ADGP's RSS meeting.